പെര്‍ഫോമന്‍സിന്റെ കാലമാണിപ്പോള്‍... എന്തിനും ഏതിനും പെര്‍ഫോമന്‍സ് നോക്കുന്ന തലമുറയിലേക്ക് കാലത്തിനനുസരിച്ചുള്ള മാറ്റവുമായി എത്തുകയാണ് ഹ്യുണ്ടായിയും. പ്രീമിയം കാറുകളുടെ കമ്പനികള്‍ക്ക് പെര്‍ഫോമന്‍സ് വിഭാഗം വേറെതന്നെയുണ്ട്. മെഴ്‌സിഡെസ് ബെന്‍സിന് 'എ.എം.ജി.' പോലെ, ബി.എം.ഡബ്ല്യു.വിന് 'എം സ്‌പോര്‍ട്ട്' പോലെ, ഇപ്പോള്‍ ഹ്യുണ്ടായ്ക്കുമുണ്ട് 'എന്‍ ലൈന്‍' എന്ന പേരില്‍ ഒരു വിഭാഗം. 

കുറച്ചുകാലമായി ഇന്ത്യലേക്ക് 'എന്‍ ലൈനി'നെ കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അവസാനം ഇവിടെ എത്തിച്ചിരിക്കുകയാണ്, 'ഐ20'യുടെ രൂപത്തില്‍. ഇന്ത്യയിലെത്തിയത് ചെറിയ ഒരു സാമ്പിള്‍ മാത്രമാണ്. എന്‍ജിനിലും സ്‌പെസിഫിക്കേഷനിലുമൊന്നും മാറ്റം വരുത്താതെ പുറംമോടിയിലും ചക്രങ്ങളിലും സസ്‌പെന്‍ഷനിലും എക്‌സ്‌ഹോസ്റ്റ് നോട്ടിലും മാത്രമാണ് ഈ പെര്‍ഫോമന്‍സ് മാറ്റം. എന്തായാലും 'ഐ20 എന്‍ ലൈനി'നെ ഒന്ന് അടുത്തറിയാം...

'എന്‍ ലൈന്‍'

'കിയ'യുടേയും 'ഹ്യുണ്ടായ്'യുടേയും ദക്ഷിണ കൊറിയയിലെ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന 'നംയാങ്' എന്ന സ്ഥലത്തെ പ്രതിനിധീകരിച്ചാണ് ഹ്യുണ്ടായ് 'എന്‍ ലൈന്‍' എന്ന പേര് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് രണ്ടു കമ്പനികളുടെ വാഹനങ്ങളും രൂപപ്പെടുത്തുന്നത്. 

2017-ലാണ് ഈ സ്ഥാപനം കമ്പനി ആരംഭിക്കുന്നത്. ഇതുവരെയുള്ളതില്‍ 'ഐ30'യാണ് പൂര്‍ണമായും പെര്‍ഫോമന്‍സ് വാഹനമെന്ന പേരില്‍ പുറത്തിറക്കിയത്. ബാക്കിയുള്ളവയെല്ലാം 'എന്‍' എന്ന ബാഡ്ജിങ്ങില്‍ ഗവേഷണം പുരോഗമിക്കുകയാണ്. അതായത്, ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകമായാണ് 'ഐ20' കൊണ്ടുവന്നിരിക്കുന്നത്.

ആകാരം

പുതുക്കിയ 'ഐ20'യില്‍ നിന്ന് ഒരു മാറ്റവും കാഴ്ചയ്ക്കില്ല. എന്നാല്‍, ചെറിയ മിനുക്കുപണികളുണ്ട്. സ്‌പോര്‍ട്ടിയാക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. വശങ്ങളിലും ബമ്പറിലും പിന്നിലുമെല്ലാം കൊണ്ടുവന്ന ചുവപ്പ് വരകള്‍ തീര്‍ച്ചയായും വാഹനത്തിനെ ഒറ്റനോട്ടത്തില്‍ത്തന്നെ ഇഷ്ടപ്പെടാന്‍ കാരണമാകും. ഗ്രില്ലാകട്ടെ പെര്‍ഫോമന്‍സ് വണ്ടിയായതുകൊണ്ട് റേസ് ട്രാക്കിലെ വിജയക്കൊടിയുടെ രൂപത്തിലാക്കിയിട്ടുണ്ട്. പിയാനോ കറുപ്പിലാണത്.

'എന്‍ ലൈന്‍' എന്ന ബാഡ്ജിങ്ങാണ് എല്ലായിടത്തും. ഗ്രില്ലിലും വശങ്ങളിലും പിന്‍വശുത്തുമെല്ലാം അത് നിറഞ്ഞുകിടക്കുന്നു. നാലു ചക്രങ്ങളും ഡിസ്‌ക്‌ബ്രേക്കായി മാറ്റി. പെര്‍ഫോമന്‍സ് വണ്ടികള്‍ക്ക് ഇത് നിര്‍ബന്ധം വേണ്ടതായതുകൊണ്ടായിരിക്കും.

അതിലും ചുവപ്പ് തൂവിയിട്ടുണ്ട്. അലോയ് വീലുകളും കുറച്ചുകൂടി ഭംഗിയാക്കി. പിന്നിലേക്കു വന്നാല്‍ ആരും നോക്കുന്നതാണ് 'ട്വിന്‍ എക്‌സ്‌ഹോസ്റ്റ്' പൈപ്പുകള്‍. അതില്‍നിന്നുയരുന്ന ശബ്ദം പെട്ടെന്ന് ആരുടേയും തലയുയര്‍ത്തും. ഒന്ന് നോക്കിപ്പോവുന്ന വിധത്തിലാണ് പുതിയ എക്‌സ്‌ഹോസ്റ്റ് നോട്ട്. 2,000 ആര്‍.പി.എമ്മൊക്കെ അടുക്കുമ്പോഴുണ്ടാവുന്ന ആ ശബ്ദം റേസിങ് ട്രാക്കുകളെ ഓര്‍മിപ്പിക്കും.

Hyundai I20 NLLine

അകം

അധികം വണ്ടികളില്‍ കാണാത്ത പരീക്ഷണമാണ് ഉള്ളില്‍ നടത്തിയത്. ആകെ കറുപ്പാണ്, മുകള്‍ഭാഗം വരെ കറുപ്പാക്കിയിട്ടുണ്ട്... ഒരു സ്റ്റുഡിയോയില്‍ കയറിയ പ്രതീതി. സീറ്റിലും എ.സി. വെന്റിലും സ്റ്റിയറിങ് വീലിലും ഡോര്‍ പാഡിലുമെല്ലാം ചുവപ്പ് ലൈനിങ് ചേരുമ്പോഴുള്ള ആംബിയന്‍സ് ഒന്നു വേറെതന്നെ. ബാക്കിയെല്ലാം 'ഐ20'യില്‍ നിന്ന് പറിച്ചുനട്ടിരിക്കുന്നു. 

ടച്ച് സ്‌ക്രീന്‍, ക്‌ളൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം അകത്ത് ഒത്തുചേരുന്നുണ്ട്. ബോസിന്റെ ഏഴ് യമണ്ടന്‍ സ്പീക്കറുകള്‍ കൂടി ഒത്തുചേരുമ്പോള്‍ സംഗീതം നിലവിടും. ഏഴ് എയര്‍ബാഗുകള്‍ നല്‍കുന്ന ഹാച്ച്ബാക്കായി 'എന്‍ ലൈന്‍' മാറിയിട്ടുണ്ട്. വീഡിയോ ഗെയിം കളിക്കുന്നതുപോലെ ഗിയര്‍ മാറ്റിക്കളിക്കാന്‍ പാഡില്‍ ഷിഫ്റ്റും നല്‍കിയിട്ടുണ്ട്. വണ്ടിയുടെ മുഴക്കമറിഞ്ഞ് റോഡില്‍ പറക്കാന്‍ ബെസ്റ്റ് പാഡില്‍ ഷിഫ്റ്റ് തന്നെ.

Hyundai NLine

റോഡില്‍

നാലു ചക്രത്തിലും ഡിസ്‌ക് ബ്രേക്ക് വന്നതോടെ സസ്‌പെന്‍ഷന്‍ ഒന്നുകൂടി ഉഷാറായി. ഹമ്പുകളും കുഴികളും അകത്തറിയുന്നത് കുറച്ച് കുറഞ്ഞിട്ടുണ്ട്. 1,500 മുതല്‍ 4,000 ആര്‍.പി.എമ്മിനിടയിലാണ് കരുത്ത് പൂര്‍ണമായും പുറത്തെടുക്കുന്നത്. ഇതില്‍ വണ്ടി വളരെ സ്റ്റേബിളാണ്. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ തന്നെയാണിതിലും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇതിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

'ഐ20'യുടെ ഉയര്‍ന്ന മോഡലും 'എന്‍ ലൈനി'ന്റെ ഉയര്‍ന്ന മോഡലും തമ്മിലുള്ള വിലവ്യത്യാസം വെറും 60,000 രൂപയാണ്. ഐ.എം.ടി.യിലും ഡി.സി.ടി.യിലും മാത്രമേ 'എന്‍ ലൈന്‍' വരുന്നുള്ളു. ഇവയില്‍ 'എന്‍ സിക്‌സ്', 'എന്‍ എയ്റ്റ്' വേരിയന്റുകളുണ്ട്. ഹ്യൂണ്ടായിയുടെ സിഗ്‌നേച്ചര്‍ ഷോറൂമുകളിലൂടെ മാത്രമേ വാഹനം ലഭിക്കുകയുള്ളു.

Content Highlights: Hyundai NLine Performance Hatchback, Specifications, Price and Review,