ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഏറെ ജനപ്രീതി സ്വന്തമാക്കിയ വാഹനമാണ് ഹ്യുണ്ടായി ഐ20. മൂന്നാം തലമുറയിലേക്ക് കടന്ന ഐ20 നിരയുടെ ജനപ്രീതിക്ക് തരിമ്പും മങ്ങലേറ്റിട്ടില്ല. നിരത്തിലെത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പ് 25000 ബുക്കിങ്ങുകള്‍ നേടിയാണ് ഹ്യുണ്ടായി ഐ20-യുടെ ജനസമ്മതി വീണ്ടും തെളിയിച്ചിരിക്കുന്നത്.
മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലായി മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് മൂന്നാം തലമുറ ഐ20 നിരത്തുകളില്‍ എത്തിയിരിക്കുന്നത്. 6.80 ലക്ഷം രൂപ മുതല്‍ 11.18 ലക്ഷം രൂപ വരെയാണ് പുതുതലമുറ ഹ്യുണ്ടായി ഐ20-യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ തന്നെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെ അകമ്പടിയിലാണ് ഐ20 എത്തിയിട്ടുള്ളത്. സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ തുടങ്ങിയ നിരവധി സാങ്കേതിക സംവിധാനങ്ങള്‍ മൂന്നാം തലമുറ ഐ20-യെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കും.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീഎന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് ട്രാന്‍സ്മിഷനുകളിലുമാണ് ഐ20-യുടെ പുതുതലമുറ എത്തിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം സിവിടിയും ടര്‍ബോ എന്‍ജിന്‍ മോഡലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് അല്ലെങ്കില്‍ ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ 87 ബി.എച്ച്,പി പവറും 115 എന്‍.എം ടോര്‍ക്കും, ഓട്ടോമാറ്റിക് മോഡല്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 99 ബി.എച്ച്.പി പവറും 240 എന്‍.എം ടോര്‍ക്കുമേകും. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ 118 ബി.എച്ച്.പി പവറും 172 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Hyundai New i20 Achieve 25000 Booking In One Month