ലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അയോണിക് എന്ന പേരില്‍ പ്രത്യേകം ബ്രാന്റ് തന്നെ ഒരുക്കിയിരുന്നു. അയോണിക് എന്ന ഈ ബ്രാന്റിന്റെ കീഴില്‍ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഹ്യുണ്ടായി സെവന്‍ എന്ന് പേര് നല്‍കിയിട്ടുള്ള ഈ ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റ് നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ലോസ് ആഞ്ജലിസ് ഓട്ടോഷോയില്‍ ആയിരിക്കും സെവന്‍ ക്രോസ് ഓവറിന്റെ കണ്‍സെപ്റ്റ് അവതരിപ്പിക്കുകയെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലിയിലാണ് ഈ സെവന്‍ ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി എത്തുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണെന്നാണ് ഹ്യുണ്ടായിയുടെ വാദം. 

Hyundai Seven
ഹ്യുണ്ടായി സെവന്‍ | Photo: Hyundai Worldwide

പുറത്തുവന്നിട്ടുള്ള ടീസര്‍ അനുസരിച്ച് തികച്ചും പുതുമയുള്ള ഡിസൈനിലാണ് ഈ വാഹനത്തിന്റെ ഹെഡ്‌ലാമ്പ് യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോളങ്ങളായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡിലാണ് ഹെഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ളത്. കോളങ്ങള്‍ പോലെ നിരയായാണ് ഇതിലെ ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ളത്. ബമ്പറിന്റെ ഏറ്റവും താഴെ ഭാഗത്തായി സെവല്‍ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടുതല്‍ ഡിസൈനുകള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും.

Hyundai Seven
ഹ്യുണ്ടായി സെവന്‍ | Photo: Hyundai Worldwide

പ്രീമിയം ലോഞ്ചിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങുന്നത്. വുഡന്‍ ഫീനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ചെയറുകളാണ് അകത്തുള്ളത്. ഏഴ് സീറ്റുകളാണയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് വിവരം. പ്രകൃതി സൗഹാര്‍ദമായ വസ്തുകള്‍ ഉപയോഗിച്ചായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് ഹ്യുണ്ടായി ഉറപ്പുനല്‍കുന്നത്. ഹ്യുണ്ടായിയുടെ ഐയോണിക് നിരയിലെ മികച്ച മോഡലായിരിക്കും എയോണിക് 7 എന്നാണ് വിലയിരുത്തലുകള്‍.

Hyundai Seven
ഹ്യുണ്ടായി സെവന്‍ | Photo: Hyundai Worldwide

ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമിലായിരിക്കും അയോണിക് സെവന്‍ ഒരുങ്ങുക. 100 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 300 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ നല്‍കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് വിവരം.

Content Highlights: Hyundai Motor Teases Sneak Peek of SEVEN, All-Electric SUV Concept