പയോക്താക്കള്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനായി പുത്തന്‍ സംവിധാനം ഒരുക്കി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. കോണ്ടാക്ട് ലെസ് സെയില്‍സ് പദ്ധതിക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ഹായ് ഹ്യുണ്ടായി സംവിധാനമാണ് ഹ്യുണ്ടായി പുതുതായി ഒരുക്കിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സേവനം ഒരുക്കുന്നത്. 

ഷോറൂമിലെത്താതെ തന്നെ വാഹനം വാങ്ങുന്നതിനായി 2020 നവംബറില്‍ ഹ്യുണ്ടായി ഷോറൂം ലൈവ് സംവിധാനം ഒരുക്കിയിരുന്നു. ഈ സംവിധാനം ഒരുക്കി എട്ട് മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഉടനീളം 5000-ത്തില്‍ അധികം ഇടപാടുകളാണ് ഇതുവഴി നടത്തിയിട്ടുള്ളതെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. പുതുതായി ഒരുക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ സെയില്‍ കണ്‍സെള്‍ട്ടന്റുകളെയും ഉപയോക്താക്കളെയും ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെര്‍ച്വല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാഹനം വാങ്ങുന്നതിനും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഹ്യുണ്ടായി മുന്‍പന്തിയിലാണ്. ഹ്യുണ്ടായി ലൈവ് സംവിധാനത്തിലൂടെ ആയിരക്കണക്കിന് വീഡിയോ കോണ്‍ഫറന്‍സ് സെയില്‍സും കണ്‍സള്‍ട്ടേഷനും സാധ്യമായിട്ടുണ്ട്. പുതുതായി ഒരുക്കുന്ന ഹായ് ഹ്യുണ്ടായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് സമാനകളില്ലാത്ത അനുഭവം ഉപയോക്കാക്കള്‍ക്ക് നല്‍കുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. 

ഹ്യുണ്ടായിയുടെ ഷോറൂം ലൈവ് സംവിധാനത്തിലൂടെ വാഹനത്തിന്റെ 360 ഡിഗ്രി വ്യൂ, ഫീച്ചറുകള്‍, മറ്റ് വാഹനങ്ങളുമായുള്ള താരതമ്യം, പ്രത്യേകം ഫീച്ചറുകള്‍, ബ്രോഷറുകള്‍, വാഹനം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ എന്നിവയാണ് ലഭ്യമാക്കുന്നത്. ഇതിനുപുറമെ, ഒന്നില്‍ അധികം ആളുകള്‍ക്ക് പല സ്ഥലങ്ങളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. തുടര്‍ന്ന് വാഹനം വാങ്ങുന്നതിന് ക്ലിക്ക് ടു ബൈ എന്ന പ്ലാറ്റ്‌ഫോമും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. 

ഹായ് ഹ്യുണ്ടായി ചാറ്റ്‌ബോട്ട് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വാഹനത്തെ കുറിച്ചുള്ള ആശയ വിനിമയം സാധ്യമാകുന്നു. ഇഷ്ട വാഹനത്തെ അടുത്തറിയാനും അടുത്തുള്ള ഡീലര്‍ഷിപ്പ് കണ്ടെത്താനും പുതിയ ഓഫര്‍ അറിയാനും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനും, പുതിയ കാര്‍ ബുക്കുചെയ്യാനുമുള്ള സൗകര്യങ്ങളാണ് ഈ സംവിധാനത്തിലുള്ളത്. 75 ഇഞ്ച് ടച്ച് സ്‌ക്രീനിന്റെ സഹായത്തോടെ ത്രീഡി വിഷ്വലില്‍ വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നുണ്ട്.

Content Highlights: Hyundai Motor India Introduces Hi Hyundai AI Chatbot Platform For Contactless Sales