പ്രതീകാത്മക ചിത്രം | Photo: Tata Power/ Hyundai Worldwide
പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുകയും ഇ.വികള്‍ ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കുകയും ചെയ്തതോടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാകുകയാണ്. ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായി, എം.ജി. മോട്ടോഴ്സ് തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പെട്രോള്‍ പമ്പുകള്‍ പോലെ ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുങ്ങുമെന്ന് പല ഉറപ്പുകളും ലഭിച്ചിരുന്നെങ്കിലും ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ താരതമ്യേന കുറവാണ്.
ഈ കുറവ് പരിഹരിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് വാഹന നിര്‍മാണ രംഗത്തെ അതികായരായ ഹ്യുണ്ടായിയും ടാറ്റ പവറും. ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ ഹ്യുണ്ടായിയുടെ 34 ഡീലര്‍ഷിപ്പുകളില്‍ ടാറ്റ പവറിന്റെ ഡി.സി. 64 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള 7.2 കിലോവാട്ട് എ.സി. ചാര്‍ജറുകള്‍ നിലനിര്ത്തുന്നതിനൊപ്പമായിരിക്കും പുതുതായുള്ള ചാര്‍ജറുകളും സ്ഥാപിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ ഹ്യുണ്ടായിക്ക് 29 നഗരങ്ങളിലായി 34 ഇലക്ട്രിക് വാഹന ഡീലര്‍ഷിപ്പാണുള്ളത്. ഈ സ്ഥലങ്ങളിലായിരിക്കും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നത്. ഇരുകമ്പനികളും തമ്മിലുള്ള ധാരണ അനുസരിച്ച് ഹ്യുണ്ടായി മോട്ടോഴ്സ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനുള്ള സ്ഥലം, ആവശ്യമായ ഭരണാനുമതി എന്നിവ ഒരുക്കും. അതേസമയം, ടാറ്റ പവര്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അതിന്റെ മറ്റ് മെയിന്റനന്‍സുകളും നടത്തുകയും ചെയ്യുമെന്നാണ് സൂചന.
ഹ്യുണ്ടായി-ടാറ്റ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചാര്‍ജിങ്ങ് കേന്ദ്രങ്ങളില്‍ ഹ്യൂണ്ടായ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കുകളും ലഭ്യമാക്കും. എല്ലാ ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഈ ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങും. സഹകരണത്തിനായുള്ള ധാരണാപത്രം ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉണ്സൂ കിം, ടാറ്റ പവര്‍ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ പ്രവീര്‍ സിന്‍ഹ എന്നിവര്‍ ഒപ്പുവെച്ചു.
ഇന്ത്യയില്‍ കരുത്തുറ്റ ഇലക്ട്രിക് വെഹിക്കിള്‍ ഇക്കോസിസ്റ്റം ഒരുക്കുന്നതിന് ടാറ്റ പവറുമായി സഹകരിക്കുന്നതില്‍ ഹ്യുണ്ടായി ഇന്ത്യക്ക് ഏറെ അഭിമാനമുണ്ടെന്ന് ഹ്യുണ്ടായി മേധാവി ഉണ്സൂ കിം അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ ഉപയോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്തുന്നതിന് ഇത്തരത്തിലുള്ള പങ്കാളിത്തം അനിവാര്യമാണെന്നും ഇത് രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി മിഷനെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Tata Motors, Tata Power, Hyundai india, Hyundai Cars, Electric Cars, Charging Stations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..