ലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി കോന എസ്.യു.വി.യുടെ ഇലക്ട്രിക് വകഭേദം പുറത്തിറക്കുമെന്ന് ഹ്യുണ്ടായി നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ ഇലക്ട്രിക് എസ്.യു.വിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒടുവില്‍ കമ്പനി പുറത്തുവിട്ടു. സ്റ്റാന്റേഡ്, എക്‌സ്റ്റെന്റഡ് എന്നീ രണ്ടു പതിപ്പുകളുണ്ടാകും ഇലക്ട്രിക് കോനയ്ക്ക്. ബേസ് വേരിയന്റായ സ്റ്റാന്റേഡ് കോന ഒറ്റചാര്‍ജില്‍ 300 കിലോമീറ്ററോളം ദൂരം പിന്നിടും. ഉയര്‍ന്ന വകഭേദമായ എക്സ്റ്റന്റഡിന് ഒറ്റചാര്‍ജില്‍ 470 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. 

Kona Electric

രൂപത്തില്‍ പരമ്പരാഗത ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടര്‍ന്നത്. എന്നാല്‍ മുന്‍ഭാഗത്തെ പതിവ് ഗ്രില്‍ എടുത്തു കളഞ്ഞു. ചാര്‍ജിങ് സോക്കറ്റ് മുന്‍വശത്താണ്. പ്രീമിയം കാറുകള്‍ക്ക് സമാനമാണ് ഉള്‍വശം. ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. അതേസമയം എക്‌സ്റ്റന്റഡ് വെറും 7.6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. ഇലക്ട്രിക് വാഹനങ്ങളില്‍ മുന്‍നിരയിലുള്ള ടെസ്‌ലയുടെ മോഡല്‍ എക്‌സുമായി കിടപിടിക്കുന്ന പ്രകടനം ഇലക്ട്രിക് കോന പുറത്തെടുക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Kona Electric

സ്റ്റാന്റേഡ് കോനയില്‍ 39.2 kWh ബാറ്ററിയും എക്‌സ്റ്റന്റഡ് കോനയില്‍ 64 kWh ബാറ്ററിയുമാണ് കരുത്ത് പകരുക. നിലവില്‍ നിരത്തിലുള്ള കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അത്യാധുനിക സുരക്ഷാ സന്നാഹങ്ങളും കമ്പനി ഇതില്‍ നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഈ മോഡല്‍ ഹ്യുണ്ടായി പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലും സൗത്ത് കൊറിയയിലും വാഹനം വില്‍പനയ്‌ക്കെത്തും. ഹ്യുണ്ടായിക്ക് മികച്ച അടിത്തറയുള്ള ഇന്ത്യയിലും വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കോന എത്താന്‍ സാധ്യതയുണ്ട്. 

Kona Electric

Content Highlights; Hyundai Kona Electric SUV