ഹ്യുണ്ടായിയുടെ കോംപാക്ട് എസ്.യു.വി മോഡലായ കോനയുടെ റെഗുലര്‍ പതിപ്പ് എന്‍-ലൈന്‍ ബോഡികിറ്റ് ഉള്‍പ്പെടെ നല്‍കി അടുത്തിടെയാണ് മുഖം മിനുക്കിയെത്തിയത്. ഇതിനുപിന്നാലെ തന്നെ കോനയുടെ ഇലക്ട്രിക്കിലും ഹ്യുണ്ടായി പുതിയ മുഖം ഒരുക്കിയിരിക്കുകയാണ്. കൂടുതല്‍ സ്റ്റൈലിഷാക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലും മികവ് വരുത്തിയാണ് പുതിയ കോന ഇ.വി എത്തിയിരിക്കുന്നത്. 

നിലവില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനം അടുത്ത വര്‍ഷമായിരിക്കും ഇന്ത്യയില്‍ എത്തുകയെന്നാണ് സൂചന. കൃത്യമായ സമയം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍-ഡീസല്‍ മോഡലുകളില്‍ വരുത്തിയിട്ടുള്ളതിന് സമാനമായി പൂര്‍ണമായും അഴിച്ചുപണിത മുഖഭാവവുമായാണ് പുതിയ ഇലക്ട്രിക് കോനയും അവതരിപ്പിച്ചിരിക്കുന്നത്. 

എയറോഡൈനാമിക് ശേഷി കാര്യക്ഷമമാക്കുന്നതിനായി ഗ്രില്ലിന്റെ രൂപത്തില്‍ മാറ്റം വരുത്തി. ഇതിന് സമീപത്തായി ചാര്‍ജിങ്ങ് പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, കൂടുതല്‍ നേര്‍ത്ത ഡി.ആര്‍.എല്‍, എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഡിസൈന്‍ മാറ്റമൊരുക്കുന്നത്. 

മുന്‍തലമുറ ഐ20-യില്‍ നല്‍കിയിരുന്നതിന് സമാനമായി ടെയ്ല്‍ലാമ്പുകളാണ് ഇതിലുള്ളത്. ഇതിനുപുറമെ, ബംമ്പറില്‍ ഏതാനും ലൈറ്റുകള്‍ അധികമായി സ്ഥാനം പിടിച്ചിട്ടുണ്ട്. ക്രോമിയം ലൈനുകള്‍ നല്‍കിയിട്ടുള്ളതും ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുള്ളതുമായ ഡ്യുവല്‍ ടോണ്‍ ബംമ്പറുമാണ് ഈ വാഹനത്തിന്റെ പിന്‍വശത്ത് പുതുമ ഒരുക്കുന്നത്. പുതിയ മോഡലിന് 40 എം.എം നീളവും കൂട്ടിയിട്ടുണ്ട്.

ഉയര്‍ന്ന വേരിയന്റില്‍ 10.25 ഇഞ്ച് വലിപ്പമുള്ളതും അടിസ്ഥാന മോഡലില്‍ എട്ട് ഇഞ്ച് വലിപ്പമുള്ളതുമായി ഇന്‍ഫോയെന്‍മെന്റാണ് കോനയുടെ അകത്തളത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇലക്ട്രിക് കാര്‍ ഫീച്ചറുകള്‍, ബ്ലൂ ലിങ്ക് ഉള്‍പ്പെടെയുള്ള കണക്ടഡ് കാര്‍ ഫീച്ചറുകളും ഈ വാഹനത്തിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നു. 

മുന്‍ മോഡലില്‍ നല്‍കിയിരുന്ന ബാറ്ററി ഓപ്ഷനില്‍ തന്നെയാണ് മുഖം മിനുക്കിയ പതിപ്പും എത്തിയിട്ടുള്ളത്. 134 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 39.2 കിലോവാട്ട് ബാറ്ററിയും 201 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 64 കിലോവാട്ട് ബാറ്ററിയുമാണ് ഇലക്ട്രിക് കോനയുടെ ഹൃദയം. ഇത് യഥാക്രം 304 കിലോമീറ്ററും 483 കിലോമീറ്ററും റേഞ്ചാണ് നല്‍കുന്നത്.

Content Highlights: Hyundai Kona Electric Gets New Face; India Launch In 2021