പെട്രോള്‍, ഡീസല്‍ കാറുകളെ പിന്തള്ളി ഇന്ത്യയിലെ നിരത്തുകള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. 

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് 7,000 കോടി രൂപയാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ നിര്‍മാണ പ്ലാന്റിലാണിത്.

ഹ്യുണ്ടായിയുടെ നിക്ഷേപത്തിന് തമിഴ്‌നാട് മന്ത്രിസഭ അംഗീകരം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തമിഴ്നാട് സര്‍ക്കാരും ഹ്യുണ്ടായി ഇന്ത്യയുടെ അധികൃതരും വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ നിക്ഷേപത്തിലൂടെ ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിലെ ഉത്പാദനശേഷി ഒരു ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ പുതുതായി 1500 തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.


Content Highlights: Hyundai Invest 7000 Crore Rupees For Develop Electric Car