ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയിലെത്തിച്ച ആദ്യ ഇലക്ട്രിക് മോഡലാണ് കോന എസ്‌യുവി. 23.71 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന കോനയ്ക്ക് നിലവില്‍ മുന്നൂറിലേറെ ബുക്കിങ് ഇന്ത്യയില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി കോനയുടെ ചാര്‍ജിങ് സൗകര്യം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ ഹ്യുണ്ടായ്. 

നിങ്ങളുടെ കോന ഇലക്ട്രിക് ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ മറ്റൊരു കോന ഇലക്ട്രിക് അവിടേക്കെത്തി ചാര്‍ജ് ചെയ്യുന്ന സംവിധാനമാണിത്. ഒരു കാറിന്റെ ചാര്‍ജിങ് സോക്കറ്റില്‍ കണക്റ്റ് ചെയ്ത് അടുത്ത വാഹനം ചാര്‍ജ് ചെയ്യാം. അലിയന്‍സ് വേള്‍ഡ്‌വൈഡ് പാര്‍ട്ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് പുതിയ വെഹിക്കില്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സൗകര്യം ഹ്യുണ്ടായ് ഒരുക്കുന്നത്. ഡല്‍ഹി, ചെന്നൈ, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് ഈ സൗകര്യം ആദ്യ ലഭ്യമാവുക. 

ഇതിന് പുറമേ 7.2kW എസി ഫാസ്റ്റ് ചാര്‍ജര്‍ രാജ്യത്തെ പതിനൊന്ന് സിറ്റികളിലെ 15 ഡീലര്‍ഷിപ്പുകളിലായി ഹ്യുണ്ടായ് നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. 6-8 മണിക്കൂറിനുള്ളില്‍ ഈ ഫാസ്റ്റ് ചാര്‍ജറില്‍ കോന പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. വീടുകളില്‍ സ്ഥാപിച്ചു നല്‍കുന്ന സ്റ്റാന്റേര്‍ഡ് 15A വാള്‍ സോക്കറ്റിലൂടെ വാഹനം ചാര്‍ജ് ചെയ്യാന്‍ 19 മണിക്കൂര്‍ ആവശ്യമാണ്. ഒറ്റചാര്‍ജില്‍ പരമാവധി 452 കിലോമീറ്റര്‍ ദൂരമാണ് കോനയില്‍ സഞ്ചരിക്കാനാവുക.

Content Highlights; hyundai introduce new vehicle to vehicle charging facility