-
ഇന്ത്യയുടെ നിരത്തുകളില്‍ ശക്തമായ സാന്നിധ്യമാണ് ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്യുവിയായ വെന്യു. രാജ്യത്തെ സര്‍വ്വ വില്‍പ്പന റെക്കോഡുകളെയും ഭേദിച്ച ഈ വാഹനത്തിന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പ് എത്തിയിരിക്കുകയാണ്. ഹ്യുണ്ടായി വെന്യു ഫ്ളെക്സ് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ദക്ഷിണ കൊറിയയിലാണ് അവതരിപ്പിച്ചത്.
ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിന് സ്പോര്‍ട്ടി ഭാവം നല്‍കിയാണ് ഫ്ളെക്സ് എഡിഷന് എത്തിയിരിക്കുന്നത്. നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് ഈ വാഹനത്തിന് അഴകേകുന്നത്. മെക്കാനിക്കലായും വലിപ്പത്തിലും മാറ്റമൊന്നും വരുത്താതെ ദക്ഷിണ കൊറിയന്‍ വിപണികള്‍ക്ക് മാത്രമായി എത്തിച്ചിരിക്കുന്ന ഈ വാഹനത്തിന് ഏകദേശം 13.56 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന.
ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡുകള്‍ നല്‍കിയത് മുന്‍വശത്തിന് കൂടുതല്‍ പ്രീമിയം ഭാവം നല്കുന്നു. ബംമ്പറിന്റെ വശങ്ങളിലെ എയര്‍ ഇന്‍ ടേക്കുകള്‍ക്ക് പച്ച നിറം നല്കിയിരിക്കുന്നതിനൊപ്പം ബംമ്പറിന്റെ താഴെ ഭാഗത്തായി ഗ്രീന്‍ ലൈന്‍ നല്കിയിട്ടുള്ളതും പ്രീമിയം ഭാവത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഹെഡ്ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവ നിലവിലെ വെന്യുവില്‍ നിന്ന് കടമെടുത്തവയാണ്.
നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള റിയര്‍വ്യൂ മിററാണ് വശങ്ങളില് നല്‍കിയിട്ടുള്ളത്. മുന്നിലെയും പിന്നിലെയും വീല്‍ ആര്‍ച്ചുകളിലും ഡോര്‍ ക്ലാഡിങ്ങുകളിലും ഗ്രീന്‍ സ്ട്രിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ഫ്ളെക്സ് എഡിഷന് ബാഡ്ജിങ്ങ്, നിയോണ്‍ ഗ്രീന്‍ റൂഫ് എന്നിവയും പുതുമയാണ്. ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളാണ് ഇതിലും.
ഇന്റീരിയറിലും സ്പെഷ്യല്‍ എഡിഷന് ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്. ക്ലൈമറ്റ് കണ്ട്രോള് നോബുകളില്‍ ഗ്രീന്‍ ഡയലുകള്‍ നല്കിയിരിക്കുന്നതിനൊപ്പം എസി വെന്റുകളിലും സീറ്റുകളുടെ ബോഡറുകളിലും സ്റ്റിച്ചിങ്ങിലും നിയോണ്‍ ഗ്രീന്‍ സാന്നിധ്യമുണ്ട്. ലെതര്‍ ആവരണമുള്ള മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീലാണ് ഇതിലുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ഹ്യുണ്ടായിയുടെ 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഫ്ളെക്സ് എഡിഷന് കരുത്തേകുന്നത്. ഇത് 121.2 ബിഎച്ച്പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്സ്മിഷന് സമാനമായ സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Hyundai Introduce Flux Special Edition Of Venue SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..