ന്ത്യന്‍ വാഹന വിപണിയും ഇലക്ട്രിക് വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിലാണ്. ഇതിന് പ്രോത്സാഹനം എന്നോണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വലിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഏറ്റവുമധികം റേഞ്ച് നല്‍കുന്നതും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്നതുമായ ഇലക്ട്രിക് മോഡലുകളുടെ പണിപ്പുരയിലാണ്.

ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. നിലവില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഇലക്ട്രിക് മോഡലായ കോനയെക്കാള്‍ കുറഞ്ഞ വിലയില്‍ പുതിയ ഇലക്ട്രിക് മോഡല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും ഹ്യുണ്ടായി പ്രതീക്ഷിക്കുന്നു.

മലിനീകരണ മുക്തമായ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിനായാണ് ഹ്യുണ്ടായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായാണ് 2019-ല്‍ കോന ഇലക്ട്രിക് എത്തിച്ചത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ വിശാലമായ ഇലക്ട്രിക് വാഹനശ്രേണി നിര്‍മിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നും ഹ്യുണ്ടായി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി തരുണ്‍ ഗാര്‍ഗ് അറിയിച്ചു.

കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് പുറമെ, ചാര്‍ജിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തുമെന്നാണ് ഹ്യുണ്ടായി മോട്ടോഴ്‌സിന്റെ മേധാവി ഓട്ടോമൊബൈല്‍ പോര്‍ട്ടലായ കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞത്.

കോനയ്ക്ക് താഴെയായി സ്ഥാനം പിടിക്കാന്‍ കഴിയുന്ന ഇലക്ട്രിക് മോഡലായിരിക്കും ഹ്യുണ്ടായിയില്‍നിന്ന് ആദ്യമെത്തുന്നത്. എന്നാല്‍, ഈ വാഹനത്തിന്റെ പേര്, റേഞ്ച്, വില തുടങ്ങിയ വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കാസ്പര്‍ മിനി എസ്.യു.വിക്ക് സമാനമായ മോഡലായിരിക്കും ഈ ഇ.വി. എന്നാണ് സൂചന. 

കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് വാഗ്ദാനം ചെയ്ത് എത്തിയതാണ് ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വിയായ നെക്‌സോണിന് വലിയ വിജയം സമ്മാനിച്ചതെന്നാണ് വിലയിരുത്തല്‍. മിനി എസ്.യു.വി. ശ്രേണിയിലാണ് അടുത്ത ഇലക്ട്രിക് മോഡല്‍ എത്തുന്നതെങ്കിലും ഈ വാഹനത്തിന്റെ മുഖ്യ എതിരാളി ടാറ്റ നെക്‌സോണ്‍ ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എം.ജിയുടെ ZS EV-യാണ് ഹ്യുണ്ടായി കോനയുടെ എതിരാളി.

Source: Car and Bike

Content Highlighst: Hyundai India Will Launch Affordable Electric In Three Year