ഹ്യുണ്ടായി ഐ20 എൻ ലൈൻ | Photo: Hyundai India
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച ഐ20 ഹാച്ച്ബാക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പ് ഐ20 എന്‍ ലൈന്‍ വിപണിയില്‍ അവതരിപ്പിച്ചു. N6 iMT, N8 iMT, N8 DCT എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.84 ലക്ഷം രൂപ മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഹ്യുണ്ടായി എന്‍ ലൈന്‍ ബ്രാന്റിന്റെ ഇന്ത്യയിലെ പ്രവേശനമാണ് ഈ വാഹനത്തിലൂടെ സാധ്യമാക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ എക്സ്ക്ലൂസീവ് റീട്ടെയ്ല്‍ ശൃംഖലയായ സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പെര്‍ഫോമെന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഐ20 എന്‍ ലൈന്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ പെര്‍ഫോമെന്‍സ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഐ.എം.ടി., ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്സ്മിഷന്.
റെഗുലര്‍ ഐ20-യുടെ രൂപത്തിനൊപ്പം സ്പോര്‍ട്ടിയാക്കുന്നതിനുള്ള മിനുക്കുപണികള്‍ വരുത്തിയാണ് ഐ20 എന്‍ ലൈന്‍ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പുതുമയുള്ള പ്രതലത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ പതിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഗ്രില്ല് എന്നിവയാണ് പുറംമോടിയില്‍ ഐ20 എന്‍ ലൈനിന് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്. പെര്‍ഫോമെന്‍സ് വാഹനത്തിന് ഇണങ്ങുന്ന സസ്പെന്‍ഷനും എക്സ്ഹോസ്റ്റും ഇതില്‍ നല്‍കുന്നുണ്ട്.

16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ മോഡല്‍ നല്‍കിയിട്ടുള്ളത്. ബ്രേക്ക് കാലിപ്പറുകള്‍ക്ക് ചുവപ്പ് നിറം നല്കിയതും സ്പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നുണ്ട്. റിയര്‍ ഡിഫ്യൂസറും ട്വിന്‍ എക്സ്ഹോസ്റ്റ് പൈപ്പുമാണ് റെഗുലര്‍ മോഡലിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍നിന്ന് എന്‍ ലൈനിനെ വേറിട്ടതാക്കുന്നത്. റൂഫ് സ്പോയിലറും വിങ്ങ് സ്പോയിലറും രണ്ട് ടെയ്ല്ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഡാര്‍ക്ക് ക്രോമിയം ബാറും പുറം മോടിയുടെ സ്പോര്‍ട്ടി ഭാവത്തിന് മുതല്കൂട്ടാവുന്നുണ്ട്.
സ്പോര്‍ട്ടിയാക്കുന്നതിനുള്ള ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ അകത്തളം റെഗുലര്‍ ഐ20-ക്ക് സമാനമാണ്. ബ്ലാക്ക് കളര്‍ ഇന്റീരിയറില്‍ റെഡ് നിറത്തിലുള്ള അക്സെന്റുകളും റെഡ് ആംബിയന്റും നല്കിയിട്ടുള്ളതാണ് ഇന്റീരിയറിന്റെ ഭാവം. റെഡ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, മെറ്റല്‍ പെഡലുകള്‍, എല്‍ ബ്രാന്റ് ലെതര്‍ ഗിയര്‍നോബ്, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, എന്‍ ബാഡ്ജിങ്ങ് എന്നിവയാണ് അകത്തളത്തെ സ്പോര്ട്ടിയാക്കുന്നതിനായി നല്‍കിയിട്ടുള്ളത്.
Content Highlights: Hyundai i20 N Line Performance Model Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..