പുതിയ ഐ ട്വന്റിയെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിശദമായി പരിചയപ്പെട്ടിരുന്നു. ഇത്തവണ പുതിയൊരാളെയാണ് ലഭിച്ചത്. ഡീസല്‍ ഹൃദയമുള്ള ഐ ട്വന്റി. കുറച്ചു കാലം മാറ്റിവെച്ചതിന്റെ പരിഹാരക്രിയ പോലെയാണ് പുതിയ ഡീസല്‍ എന്‍ജിനില്‍ ഐ ട്വന്റിയുമായി ഹ്യുണ്ടായ് വരുന്നത്.
കരുത്തുറ്റ എന്‍ജിന്‍
സെഗ്മെന്റില്‍ മികച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ 1.5 ലിറ്റര്‍ യു.ടു. ഡീസല്‍ എന്‍ജിനാണ് പുതിയ കരുത്ത്. എലൈറ്റ് ഐ ട്വന്റിയില്‍ കണ്ട 1.4 ലിറ്റര്‍ എന്‍ജിന്‍ മാറ്റിയാണ് പുതിയ ഹൃദയം. വ്യത്യാസം ഡ്രൈവിങ്ങില്‍തന്നെ മനസ്സിലാക്കാം. കുറഞ്ഞ ആര്‍.പി.എമ്മിലും കൂടിയതിലും പെര്‍ഫോമന്‍സില്‍ ഒരു വ്യത്യാസവും കാണിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
4,000 ആര്‍.പി.എമ്മില്‍ 100 ബി.എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിവുണ്ട്. അത് ഗാട്ട്‌റോഡാകട്ടെ, ഹൈവേയാകട്ടെ കുതിപ്പിനുള്ള കരുത്ത് ലാഗിങ്ങില്ലാതെ എന്‍ജിന്‍ നല്‍കുന്നുണ്ട്. സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇതോടൊപ്പമുള്ളത്. ഭാവിയില്‍ ഓട്ടോമാറ്റിക്കും വരുമെന്ന് വിശ്വസിക്കാം.
ഡീസല്‍ വണ്ടികള്‍ക്ക് പതിവുള്ള മസിലുപിടിത്തം പൂര്‍ണമായും ഒഴിവായിട്ടുണ്ട്. അതിനാല്‍ ഒരു പെട്രോള്‍ വണ്ടിയുടെ അതേ സുഖത്തോടെ നീണ്ട യാത്രകള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയും. ഗിയര്‍ ഷിഫ്റ്റിങ്ങിന്റെ ബുദ്ധിമുട്ടുപോലും അറിയുന്നില്ല. റെസ്‌പോണ്‍സും വളരെ തൃപ്തികരമാണ്. ഓവര്‍ടേക്കിങ്ങില്‍പ്പോലും ഗിയര്‍ഡൗണ്‍ ചെയ്യേണ്ട ആവശ്യകത പലപ്പോഴും തോന്നിയിട്ടില്ല. ഒരു ഹാച്ച്ബാക്ക് കാറിന് വേണ്ടതിലുമധികം കരുത്ത് പുതിയ എന്‍ജിന്‍ പ്രദാനം ചെയ്യുന്നുണ്ട്.
മിഡ് റേഞ്ചിലാണ് ഡ്രൈവിങ് സുഖപ്രദം. അതായത്, 1,500 മുതല്‍ 3,000 വരെ ആര്‍.പി.എമ്മിലാണ് ഡ്രൈവിങ്ങിന്റെ അനുഭൂതി അനുഭവിക്കാന്‍ കഴിയുന്നത്. ഡീസല്‍ എന്‍ജിന്‍ മുരളുന്നത് നിശബ്ദമായാണ്. എന്‍ജിന്‍ നോയ്‌സും തീരെ അനുഭവപ്പെടുന്നില്ലെന്നത് മറ്റൊരു ശ്രദ്ധയേമായ കാര്യം. 25 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഡീസല്‍ എന്‍ജിന്‍ മൈലേജ്. 170 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് അത്യാവശ്യം വലിയ കുഴികളില്‍ അടി തട്ടാതെ തരണം ചെയ്യും.

പുറമഴക്
ഹ്യുണ്ടായ് അധികം പരീക്ഷിച്ചിട്ടില്ലാത്ത ചാരനിറത്തില്‍ പൊതിഞ്ഞ ഐ ട്വന്റിയായിരുന്നു ഡീസലില്‍ കിട്ടിയത്. കാണാന്‍ അഴകുണ്ട്. പഴയ ഐ ട്വന്റിയേക്കാളും ഒന്നുകൂടി മുന്നോട്ട് ആഞ്ഞിട്ടുണ്ട് പുതിയത്. ബോണറ്റിന്റെ മുന്നോട്ടുള്ള ആക്കമാണ് ഇങ്ങനെയുള്ളൊരു കാഴ്ച സമ്മാനിക്കുന്നത്. ക്രാസ്‌കേഡ് ഗ്രില്ലുകളായി. പ്രൊജക്ടഡ് ഹെഡ് ലാമ്പ് രണ്ട് ബോക്‌സ് ക്ലസ്റ്ററിനുള്ളിലാണ്. താഴെ കറുത്ത കൂടിനുള്ളിലെ ഫോഗ്ലാമ്പുകള്‍ വളവുകളിലേക്ക് വെളിച്ചമെത്തിക്കും.

ഉള്‍വശം
ഡാഷ്‌ബോര്‍ഡും സീറ്റുകളിലുമെല്ലാം മാറ്റം വന്നു. റോഡിലേക്കുള്ള കാഴ്ച കൂടി. സീറ്റുകള്‍ താഴ്ന്ന പൊസിഷനിലാണെങ്കിലും റോഡ് പൂര്‍ണമായും കാണാന്‍ കഴിയും. ഡാഷ്‌ബോര്‍ഡും ഫ്‌ളാറ്റാക്കി മാറ്റിയിട്ടുണ്ട്. 23 സെന്റി മീറ്ററുള്ള എച്ച്.ഡി. ടച്ച് സ്‌ക്രീന്‍. ഇതില്‍ ഇന്‍ഫോടെയ്ന്റ്‌മെന്റും നാവിഗേഷനുമെല്ലാമുണ്ട്. ഹ്യുണ്ടായിയുടെ കണക്ടഡ് കാറായതിനാല്‍ ബ്ലൂലിങ്ക് കണക്ടിവിറ്റിയും ഇതിലുണ്ട്. ബോസിന്റെ ഏഴ് സ്പീക്കറോടെയുള്ള സൗണ്ട് സിസ്റ്റം, സണ്‍റൂഫ് ആംബിയന്റ് ലൈറ്റിങ്, എയര്‍പ്യൂരിഫയര്‍ എന്നിവയും ഇതിലുണ്ട്.
8.2 ലക്ഷം മുതല്‍ 10.6 ലക്ഷം രൂപ വരെയാണ് ഐ ട്വന്റി ഡീസലിന് എക്‌സ്‌ഷോറൂം വിലവരുന്നത്.
Specifications
- Engine Type 1.5 L U2 Diesel
- Displacement 1493 CC
- Power 134 bhp@4000 rpm
- Torque 240 Nm@1500-2750 rpm
- Length 3995 mm
- Width 1775 mm
- Height 1505 mm
- Wheelbase 2580 mm
Content Highlights: Hyundai i20 Diesel Engine Test Drive Review