ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10, എക്‌സ്‌സെന്റ് എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പ് കമ്പനി തിരിച്ചുവിളിക്കുന്നു. സിഎന്‍ജി ഫില്‍ട്ടര്‍ സംവിധാനത്തിലെ തകരാര്‍ പരിശോധിക്കുന്നതിനായാണ് ഈ രണ്ട് മോഡലുകളും തിരികെ വിളിച്ചിരിക്കുന്നത്.
2017 ഓഗസ്റ്റ് ഒന്ന് മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 16,409 വാഹനങ്ങളിലാണ് തകരാറുണ്ടെന്ന് സംശയിക്കുന്നത്. നോണ്‍-എബിഎസ് സിഎന്‍ജി വാഹനങ്ങളില്‍ മാത്രമാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് സൂചന.
നവംബര്‍ 25 മുതലാണ് വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെ സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.
ഗ്രാന്റ് ഐ10, എക്‌സ്‌സെന്റ് എന്നീ വാഹനങ്ങളുടെ ഒരു വേരിയന്റ് മാത്രമാണ് സിഎന്‍ജിയില്‍ എത്തുന്നത്. 65 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Hyundai Grand i10, Xcent CNG Variant Recalled