ഇന്ത്യയില്‍ ഹാച്ച്ബാക്ക് എന്നാല്‍ സ്വിഫ്റ്റ് ആയിരുന്ന കാലത്ത് ഈ വാഹനത്തിന് ശക്തമായ മത്സരം സമ്മാനിച്ച മോഡലായിരുന്നു ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10. എന്നാല്‍, നിയോസിന്റെ വരവോടെ പ്രതാപം നഷ്ടപ്പെട്ട ഗ്രാന്റ് ഐ10 നിരത്തൊഴിയുകയാണെന്നാണ് പുതിയ സൂചനകള്‍. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം അപ്രത്യക്ഷമായതോടെയാണ് ഗ്രാന്റ് ഐ10 നിരത്തൊഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
ഗ്രാന്റ് ഐ10 നിയോസിന്റെ അവതരണത്തിന് ശേഷവും ഗ്രാന്റ് ഐ10-ന്റെ വില്‍പ്പന ഹ്യുണ്ടായി തുടര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മുതലാണ് വെബ്‌സൈറ്റില്‍ നിന്ന് ഈ മോഡല്‍ നീക്കം ചെയ്തത്. ഈ വാഹനത്തിന് പുറമെ, ഹ്യുണ്ടായി സാന്‍ട്രോ, ഗ്രാന്റ് ഐ10 നിയോസ് എന്നീ വാഹനങ്ങളുടെ കോര്‍പറ്റേറ്റ് എഡിഷന്‍ വേരിയന്റും വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിച്ചോയെന്ന് വ്യക്തമല്ല.
1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലാണ് ഗ്രാന്റ് ഐ10 നിരത്തുകളില്‍ എത്തിയിരുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിച്ചിരുന്നത്. ഹാച്ച്ബാക്ക് ശ്രേണിയില്‍ ഗ്രാന്റ് ഐ10 നിയോസ് എത്തിയതോടെ മാഗ്‌ന, സ്‌പോര്‍ട്‌സ് വേരിയന്റുകളില്‍ മാത്രമാണ് ഗ്രാന്റ് ഐ10 വിപണിയില്‍ എത്തിയിരുന്നത്.
നിലവില്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മൂന്ന് മോഡലുകളാണ് ഹ്യുണ്ടായി നിരത്തുകളില്‍ എത്തിക്കുന്നത്. ഇതില്‍ പ്രീമിയം സെഗ്മെന്റില്‍ ഹ്യുണ്ടായി ഐ20-യും, സാന്‍ട്രോ, ഗ്രാന്റ് ഐ10 നിയോസ് എന്നിവ റെഗുവല്‍ ഹാച്ച്ബാക്ക് ആയുമാണ് വിപണിയിലുള്ളത്. ഇന്ത്യയിലെ വാഹനനിര വിപുലമാക്കുന്നതിനായി വെന്യുവിന് താഴെ സാന്‍ട്രോയുടെ പ്ലാറ്റ്‌ഫോമില്‍ ഒരു മൈക്രോ എസ്.യു.വി. ഹ്യുണ്ടായി ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് സൂചന.
Source: India Car News
Content Highlights: Hyundai Grand i10 Removed From Official Website