ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ ഗ്രാന്റ് ഐ10 നിയോസിന് ഇനി ടര്‍ബോ എന്‍ജിനും കരുത്തേകും. നിയോസിന്റെ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഡ്യുവല്‍ ടോണ്‍ പതിപ്പുകളിലാണ് കൂടുതല്‍ കരുത്തുള്ള ടര്‍ബോ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. ഗ്രാന്റ് ഐ10 നിയോസ് ടര്‍ബോ എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പിന് 7.68 ലക്ഷം രൂപയും 7.73 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ടര്‍ബോ എന്‍ജിന്‍ മോഡലിന് നിയോസിന്റെ മറ്റ് മോഡലുകളെക്കാള്‍ ഒരുലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ വില അധികമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജിടിഐ എന്‍ജിനാണ് നിയോസിന്റെ ടര്‍ബോ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 99 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ മുന്നിലായി ടര്‍ബോ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
ടര്‍ബോ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ പതിപ്പിന് ഹ്യുണ്ടായി ഉറപ്പുനല്‍കുന്നത്. ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് സെഡാന്‍ മോഡലായ ഓറയിലും ഈ എന്‍ജിന്‍ കരുത്തേകുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് ഗ്രാന്റ് ഐ10 നിയോസ് ആദ്യമെത്തിയത്.
റേഡിയേറ്റര്‍ ഗ്രില്ലിലും ടെയില്‍ ഗേറ്റിലും ടര്‍ബോ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ടെന്നതൊഴിച്ചാല്‍ റെഗുലര്‍ നിയോസില്‍ നിന്ന് ഡിസൈനില്‍ മാറ്റം വരുത്താതെയാണ് ടര്‍ബോ പതിപ്പ് എത്തിയിരിക്കുന്നത്. പോളാര്‍ വൈറ്റ്-ബ്ലാക്ക് റൂഫ്, ഫെയറി റെഡ്-ബ്ലാക്ക് റൂഫ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും പോളാര്‍ വൈറ്റ്, അക്വ ടീല്‍ എന്നീ മോണോ ഷെയ്ഡിലുമാണ് നിയോസ് ടര്‍ബോ എത്തുന്നത്.
ബ്ലാക്ക് നിറത്തിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കിയുള്ള ഇന്റീരിയറാണ് ഗ്രാന്റ് ഐ10 നിയോസിലുള്ളത്. റെഗുലര്‍ നിയോസിലെ ഫീച്ചറുകള്‍ക്കൊപ്പം സ്മാര്‍ട്ട് ഫോണ്‍ കണ്ക്ടിവിറ്റി, വോയിസ് റെക്കഗനീഷന്‍ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നിയോസ് ടര്‍ബോയുടെ ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നുണ്ട്.
Content Highlights: Hyundai Grand i10 NIOS Turbo Engine Launched