ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡല്‍ ഗ്രാന്റ് ഐ10 നിയോസിന്റെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചു. മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന സിഎന്‍ജി പതിപ്പിന് 6.62 ലക്ഷം രൂപ മുതല്‍ 7.16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
റെഗുലര്‍ ഗ്രാന്റ് i10 മോഡലിന് കരുത്തേകുന്ന 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 68 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കുമേകും. ഗ്രാന്റ് ഐ10 പെട്രോള്‍ പതിപ്പില്‍ ഈ എന്‍ജിന്‍ 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
റെഗുലര്‍ നിയോസില്‍ നിന്ന് രൂപമാറ്റമില്ലാതെയാണ് സിഎന്‍ജി പതിപ്പുമെത്തിയിരിക്കുന്നത്. കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ നിയോസിനെ അല്‍പം ഗ്ലാമറാക്കും.
ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും, പുതിയ ഡാഷ്‌ബോര്‍ഡും, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം എന്നിവയാണ് നിയോസിന്റെ ഇന്റീരിയറിലെ പ്രത്യേകതകള്‍.
82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റെഗുലര്‍ ഗ്രാന്റ് ഐ10 നിയോസിന് കരുത്തേകുന്നത്. എഎംടി, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ നിയോസില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Hyundai Grand i10 Nios CNG Version Launched