Image Courtesy: MotorBeam|Hyundai India
ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റ് പതിപ്പ് എത്തിക്കാനൊരുങ്ങുന്നു എന്നത് രഹസ്യമല്ല. ഇതിനിടെ ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ഒരു എസ്‌യുവിക്കായി അല്‍കാസര്‍ എന്ന ട്രേഡ് മാര്‍ക്ക് തിരഞ്ഞെടുത്തെന്നും ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ബീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലെത്തുന്ന ക്രെറ്റയുടെ ഏഴ് സീറ്ററിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് അല്‍കാസര്‍ എന്ന പേര് നല്‍കിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
ഹ്യുണ്ടായിക്ക് വിദേശനിരത്തുകളില്‍ പോലും അല്‍കാസര്‍ എന്ന മോഡല്‍ ഇല്ലാത്തതിനാലാണ് ഇത് ഏഴ് സീറ്റര്‍ ക്രെറ്റയ്ക്ക് നല്‍കുന്ന പേരായിരിക്കുമെന്ന സംശയങ്ങള്‍ ശക്തിപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഈ പേരിനായി ഹ്യുണ്ടായി മോട്ടോര്‍ കമ്പനി അപേക്ഷ നല്‍കിയത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിന് ഉപയോഗിക്കാനാണ് ഈ പേരെന്നും മോട്ടോര്‍ബീം പുറത്തുവിട്ട അപേക്ഷയില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൂര്‍ണമായും മൂടിക്കെടിയ നിലയിലായിരുന്നു പരീക്ഷണയോട്ടം. ഹ്യുണ്ടായിയുടെ പ്രീമിയം എസ്.യു.വി മോഡലായ പാലിസേഡില്‍ നല്‍കിയിട്ടുള്ള ഗ്രില്ലും എയര്‍ ഇന്‍ ടേക്കും സ്‌കിഡ് പ്ലേറ്റുമായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയില്‍ നല്‍കുകയെന്നാണ് വിവരം. മറ്റ് ഡിസൈന്‍ ശൈലികള്‍ റെഗുലര്‍ ക്രെറ്റയിലേത് തുടര്‍ന്നേക്കും.
കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ ക്രെറ്റ എത്തുന്നുണ്ട്. ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തിയേക്കും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ ഏറ്റവും പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഇന്ത്യയിലുള്ള ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും. അടുത്ത വര്‍ഷത്തോടെ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം.
Source: MotorBeam
Content Highlights: Hyundai Get Trademark For The Name Alcazar, May Given To Seven Seater Creta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..