ഹ്യുണ്ടായിയുടെ റോബോട്ടിക് ചാർജിങ്ങ് സംവിധാനം | Photo: Team BHP
പെട്രോള്‍ പമ്പുകളില്‍ പോയി തുക പറഞ്ഞ് ഇന്ധനം നിറച്ച് പോന്നിരുന്ന ആളുകളില്‍ പലര്‍ക്കും ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയപ്പോള്‍ തനിയെ ചാര്‍ജിന് വയ്ക്കുന്നതും ബാറ്ററി നിറയും വരെ കാത്തിരിക്കുന്നതുമെല്ലാം അല്‍പ്പം മടുപ്പുള്ള കാര്യമാണ്. ചാര്‍ജിങ്ങ് സമയം പരമാവധി കുറയ്ക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി.
ഓട്ടോമാറ്റിക് ചാര്‍ജിങ്ങ് റോബോട്ട് അഥവാ എ.സി.ആര്‍. എന്ന പേരിലാണ് ഹ്യുണ്ടായി ഈ റോബോട്ടിക് ചാര്‍ജിങ്ങ് ആം ഒരുക്കിയിരിക്കുന്നത്. ചാര്‍ജ് തീരാറായ ഇലക്ട്രിക് വാഹനത്തിനരികിലേക്ക് ഒരു റോബോട്ടിക് കൈ നീണ്ടുവരികയും ഇതിലെ ചാര്‍ജര്‍ വാഹനത്തില്‍ കുത്തി ചാര്‍ജിങ്ങ് ആരംഭിക്കുകയും ചെയ്യുന്നതാണ് രീതി. ശാരീരിക അവശതകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഭാരമേറിയ കേബിളുകളും മറ്റും ഉപയോഗിച്ചുള്ള ചാര്‍ജിങ്ങ് എളുപ്പമാക്കുന്നതിനാണ് ഹ്യുണ്ടായിയുടെ ഈ കണ്ടുപിടിത്തം.
ഇരുട്ടുള്ള സാഹചര്യങ്ങളില്‍ പോലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഈ റോബോട്ടിക് ചാര്‍ജിങ്ങ് സംവിധാനത്തില്‍ നല്‍കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 3ഡി ക്യാമറയെ അടിസ്ഥാനമാക്കിയാണ് ഈ റോബോട്ടിക് ചാര്‍ജിങ്ങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ പ്രൂഫ്, ഡെസ്റ്റ് പ്രൂഫ് ശേഷിയുള്ളതിനാല്‍ തന്നെ മഴയിലും ചൂടിലും ഉള്‍പ്പെടെ ഏത് കാലാവസ്ഥയിലും കാര്യക്ഷമമായ പ്രവര്‍ത്തനം ഈ റോബോട്ടിക് ചാര്‍ജിങ്ങ് കാഴ്ചവയ്ക്കും.
അതേസമയം, ഈ റോബോട്ടിക് ചാര്‍ജിങ്ങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നത് ഓട്ടോമേറ്റഡ് പാര്‍ക്കിങ്ങ് സാങ്കേതികവിദ്യ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ആയിരിക്കുമെന്നാണ് ഹ്യുണ്ടായി വിശ്വസിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം ചാര്‍ജിങ്ങിനുള്ള നിര്‍ദേശവും നല്‍കിയാല്‍ റോബോട്ടിക്ക് ചാര്‍ജിങ്ങ് സംവിധാനത്തിന്റെ സഹായത്തോടെ ബാറ്ററി നിറയ്ക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി വിലയിരുത്തുന്നത്. ഇത് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഏറെ ഗുണകരമാകും.
ഹ്യുണ്ടായിയുടെ ഈ വിപ്ലവകരമായ ഓട്ടോമാറ്റിക് ചാര്‍ജിങ്ങ് റോബോട്ട് സംവിധാനം സിയൂള്‍ മൊബിലിറ്റി ഷോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച് 31-ന് ആരംഭിച്ച ഈ മൊബിലിറ്റി ഷോ ഏപ്രില്‍ ഒമ്പതിനാണ് അവസാനിക്കുന്നത്. കാഴ്ചയില്‍ ഒരു സ്റ്റാന്‍ഡ് പോലെ തോന്നിക്കുന്ന തരത്തിലാണ് ഈ റോബോട്ടിക് സംവിധാനം ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള കൈയിലാണ് ചാര്‍ജര്‍ ഹോള്‍ഡ് ചെയ്തിരിക്കുന്നത്.
Content Highlights: Hyundai develops automatic charging robot for electric vehicle, robotic charging system
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..