പ്രതീകാത്മക ചിത്രം | Photo: Behance
ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഹ്യുണ്ടായി ഒരു ഏഴ് സീറ്റര്‍ എസ്.യു.വി. ഉറപ്പുനല്‍കിയിട്ട് ഏതാനും വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇത് 2021-ല്‍ യാഥാര്‍ഥ്യമാകുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഈ വാഹനം ഇറങ്ങിയതാണ് ഏറ്റവും പ്രധാനപ്പെട്ട സൂചന. വരുന്ന ഏപ്രില്‍ മാസത്തില്‍ ക്രെറ്റ ഏഴ് സീറ്റര്‍ വിപണിയില്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നിരത്തുകളിലെ പരീക്ഷണയോട്ടത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ വാഹനം. ഇതിന് മുമ്പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴ് സീറ്റര്‍ ക്രെറ്റ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹ്യുണ്ടായി അല്‍കാസര്‍ എന്നായിരിക്കും ഈ വാഹനത്തിന്റെ പേര് എന്നായിരുന്നു മുന്‍പ് ലഭിച്ച സൂചനകള്‍. ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്.യു.വി500 എന്നിവയായിരിക്കും എതിരാളികള്‍.
ഏഴ് സീറ്റര്‍ ക്രെറ്റയുടെ സി-പില്ലര്‍ വരെയുള്ള ഭാഗങ്ങള്‍ റെഗുലര്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കും. പിന്‍ഭാഗത്തായിരിക്കും പ്രധാന മാറ്റങ്ങള്‍ വരുത്തുക. മൂന്ന് നിര സീറ്റിലേക്ക് വളരുന്നതോടെ വാഹനത്തിന്റെ നീളവും വീല്‍ബേസും ഉയരും. നിലവിലെ സ്ലോപ്പിങ്ങ് റൂഫിന് പകരം ഫ്‌ളാറ്റായുള്ള റൂഫായിരിക്കും ഏഴ് സീറ്റ് ക്രെറ്റയില്‍ ഒരുക്കുക. ടെയ്ല്‍ ലൈറ്റ്, പിന്നിലെ ബമ്പര്‍, ടെയ്ല്‍ഗേറ്റ് എന്നിവയിലും പുതിയ ഡിസൈന്‍ നല്‍കും.
കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പായിരിക്കും സെവന്‍ സീറ്റര്‍ ക്രെറ്റയ്ക്ക് അടിസ്ഥാനമൊരുക്കുന്നത്. റെഗുലര്‍ ക്രെറ്റയെക്കാള്‍ 30 എം.എം. നീളവും 20 എം.എം. അധിക വീല്‍ബേസുമായിരിക്കും ഈ വാഹനത്തിന് റെഗുലര്‍ ക്രെറ്റയില്‍ നിന്ന് അളവിലുള്ള മാറ്റം. ഇന്റീരിയറിലെ ഫീച്ചറുകളും ക്രെറ്റയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായിരിക്കുമെന്നാണ് വിവരം.
നിലവില്‍ ഇന്ത്യയിലുള്ള ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിക്കാം.
Source: Carwale
Content Highlights: Hyundai Creta Seven Seater Might Launch In April 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..