ഹ്യുണ്ടായി ക്രെറ്റ | Photo: Hyundai India
ഇന്ത്യയിലെ വാഹന വിപണിയില്‍ ആദ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായി. ഇവര്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് ആഭ്യന്തര വിപണിക്ക് പുറമെ വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2021-ല്‍ ഇന്ത്യയില്‍ നിന്ന് കടല്‍കടന്ന ഹ്യുണ്ടായിയുടെ വാഹനങ്ങളുടെ കണക്ക്. ഹ്യുണ്ടായി പുറത്തുവിട്ട കണക്ക് അനുസരിച്ച് 42,238 വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശത്ത് എത്തിയത്.
ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ മിഡ് സൈസ് എസ്.യു.വി. മോഡല്‍ ക്രെറ്റയാണ് ഏറ്റവുമധികം കയറ്റുമതി ചെയ്ത ഹ്യുണ്ടായിയുടെ വാഹനമെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരം. ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് വിദേശത്ത് എത്തിച്ച 42,238 വാഹനങ്ങളില്‍ 32,799 എണ്ണവും ക്രെറ്റയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചാണ് ഹ്യുണ്ടായിയുടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വിദേശത്ത് എത്തുന്നത്.
മുന്‍ വര്‍ഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് 26.17 ശതമാനത്തിന്റെ വളര്‍ച്ചാണ് 2021-ല്‍ ഹ്യുണ്ടായി നേടിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം 25,995 ക്രെറ്റ യൂണിറ്റുകളാണ് ഹ്യുണ്ടായ് കയറ്റുമതി ചെയ്തത്. അതേസമയം, കഴിഞ്ഞ വര്‍ഷം മൊത്തം 1,30,380 യൂണിറ്റ് വാഹനങ്ങള്‍ ഹ്യുണ്ടായ് കയറ്റുമതി ചെയ്തിട്ടുണ്ട്. സെമി കണ്ടക്ടര്‍ ക്ഷാമം, കോവിഡ് തുടങ്ങിയ പ്രതിസന്ധിക്കിടയിലാണ് ഹ്യുണ്ടായ് കയറ്റുമതിയില്‍ ഈ നേട്ടം കൈവരിച്ചത്.
രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലുമായി E,EX,S,SX,SX(O) എന്നീ അഞ്ച് വേരിയന്റുകളിലാണ് ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് മോഡലിന് 10.23 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയും, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് മോഡലിന് 16.90 ലക്ഷം രൂപ മുതല്‍ 17.94 ലക്ഷം രൂപ വരെയും, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് പതിപ്പിന് 10.70 ലക്ഷം രൂപ മുതല്‍ 17.85 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ക്രെറ്റയിലെ 1.5 ലിറ്റര്‍ സി.ആര്.ഡി.ഐ. ഡീസല്‍ എന്ജിന് 115 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 115 പി.എസ്.പവറും 144 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 140 പി.എസ്. പവറും 242 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ക്രെറ്റയില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Hyundai Creta Becomes The Most Exported SUV From India In 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..