സാന്‍ട്രോ എന്ന വാഹനത്തിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ ആരംഭിച്ച ഹ്യുണ്ടായിയുടെ കുതിപ്പ് കാല്‍ നൂറ്റാണ്ടിലേക്ക് അടുക്കുകയാണ്. 1996 മേയ് ആറിനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ പ്രവേശിക്കുന്നത്. 25 വര്‍ഷം പിന്നിട്ട് 2021 ആകുന്നതോടെ 90 ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി സ്വന്തമാക്കിയാണ് ഹ്യുണ്ടായി യാത്ര തുടരുന്നത്.
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂരിലാണ് ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. സാന്‍ട്രോ എന്ന ഹാച്ച്ബാക്ക് വാഹനമായിരുന്നു ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച ആദ്യ വാഹനം.1998-ലാണ് ഇത് ഇന്ത്യയില്‍ എത്തിയത്. 2020-ലെ കണക്ക് അനുസരിച്ച് 90 ലക്ഷത്തിലധികം വാഹനം ഇതിനോടകം ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇന്ത്യയില്‍ നിര്‍മിച്ച 30 ലക്ഷം വാഹനങ്ങള്‍ 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മാതൃരാജ്യമായ ദക്ഷിണ കൊറിയയ്ക്ക് പുറത്ത് ഹ്യുണ്ടായി ആദ്യമായി ഒരുക്കിയ വാഹന നിര്‍മാണ പ്ലാന്റ് ഇന്ത്യയിലായിരുന്നു. സാന്‍ട്രോയിക്ക് പിന്നാലെ 1999 ഹ്യുണ്ടായിയുടെ സെഡാന്‍ മോഡലായ ആക്‌സന്റ് ഇന്ത്യയില്‍ അവതരിപ്പിക്കുകയായിരുന്നു. 2001 ആഡംബര സെഡാന്‍ വാഹനമായ സോണാറ്റയും എത്തി. വിദേശ നിരത്തുകളില്‍ എത്തിയിരുന്ന പ്രീമിയം എസ്.യു.വിയായിരുന്ന ടെരാകാന്‍ 2003-ല്‍ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തി.
പിന്നീട് ഓരോ വര്‍ഷവും പുതിയ ഓരോ മോഡല്‍ എന്ന കണക്കിലാണ് ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ എത്തിയത്. 2004-ല്‍ എലാന്‍ട്ര, 2005-ല്‍ ടൂസോണ്‍, 2006-ല്‍ വെര്‍ണ, 2007-ല്‍ ഐ10 എന്നിങ്ങനെ പോകുന്നു ആ നിര. 2008 ആയതോടെ ഗെറ്റ്‌സ് നിരത്തൊഴിയുകയും പകരം ഐ20 എന്ന ഹാച്ച്ബാക്ക് എത്തി. 2009-ല്‍ മാത്രമാണ് ഹ്യുണ്ടായി പുതിയ മോഡലുകള്‍ അവതരിപ്പിക്കാതിരുന്നത്. 2010-പല വാഹനങ്ങള്‍ക്കും തലമുറ മാറ്റം സംഭവിച്ചിരുന്നു.
നിലവില്‍ വിശാലമായ വാഹനനിരയാണ് ഹ്യുണ്ടായി ഇന്ത്യക്കുള്ളത്. സാന്‍ട്രോ, ഗ്രാന്റ് ഐ10 നിയോസ്, ഓറ, ഐ20, വെര്‍ണ, വെന്യു, ക്രെറ്റ, ടൂസോണ്‍ എന്നീ മോഡലുകളാണ് വിപണിയിലുള്ളത്. 2020-ലെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. വില്‍പ്പനക്കാര്‍ എന്ന ഖ്യാതി ഹ്യുണ്ടായി സ്വന്തമാക്കിയിരുന്നു. 1,80,237 എസ്.യു.വിയാണ് ഹ്യുണ്ടായി 2020-യില്‍ വിറ്റഴിച്ചത്.
Content Highlights: Hyundai Complete 25 Years In Indian Operations; Sold 90 Lakhs Vehicles