ഹ്യുണ്ടായിയുടെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞന്‍ മോഡലാകുന്ന കാസ്പര്‍ മിനി എസ്.യു.വി. ആഗോള തലത്തില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയില്‍ താഴെ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ആദ്യ ഘട്ടത്തില്‍ ഹ്യുണ്ടായിയുടെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ ആയിരിക്കും അരങ്ങേറുക. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എ.എക്‌സ്-1 എന്ന കോഡ് നാമത്തിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് പ്രൊഡക്ഷന്‍ മോഡലിന്റെ പേര് നിര്‍മാതാക്കള്‍ വെളിപ്പെടുത്തുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചതായും സൂചനയുണ്ട്. മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 15-ന് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും ഈ മാസം ഒടുവില്‍ നിരത്തുകളിലെത്തുമെന്നുമായിരുന്നു വിവരം. 

Hyundai Casper
ഹ്യുണ്ടായി കാസ്പര്‍ | Photo: Hyundai Motor Group

ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഗ്രാന്റ് ഐ10, സാന്‍ട്രോ തുടങ്ങിയ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 കോംപാക്ട് കാര്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 3595 എം.എം. നീളം, 1595 എം.എം. വീതി, 1575 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഹ്യുണ്ടായി കാസ്പറിന്റെ അഴകളവുകള്‍. ഇന്ത്യയിലെ നികുതി ഇളവുകള്‍ക്ക് അനുസരിച്ചാണ് അളവുകള്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. 

റെട്രോ ഡിസൈനിലാണ് കാസ്പറിന്റെ ബോഡി ഒരുങ്ങിയിട്ടുള്ളത്. വെന്യുവിനോട് സമാനമായ ബോണറ്റിനോട് ചേര്‍ന്നുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ക്രോമിയം ആവരണം നല്‍കി സ്‌റ്റൈലിഷായി ഒരുക്കിയിട്ടുള്ള ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ചെറിയ എയര്‍ ഡാം എന്നിവ ചേര്‍ന്നതാണ് കാസ്പറിന്റെ മുഖഭാവം. വാഹനത്തിന് ചുറ്റിലും നീളുന്ന വീല്‍ ആര്‍ച്ചും അലോയി വീലും വശങ്ങളുടെ സൗന്ദര്യമാണ്. 

Hyundai Casper
ഹ്യുണ്ടായി കാസ്പര്‍ | Photo: Hyundai Motor Group

പുതുമയുള്ള ഡിസൈനാണ് പിന്‍ഭാഗത്തിന്റെ സൗന്ദര്യം. വിൻഡ് സ്‌ക്രീനിനോട് ചേര്‍ന്നാണ് എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, പിന്‍ഭാഗത്തെ ബമ്പറിന്റെ വശങ്ങളിലും ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. സി.പില്ലറില്‍ നല്‍കിയിട്ടുള്ള ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സണ്‍റൂഫ് എന്നിവയെല്ലാം ഡിസൈന്‍ ഹൈലൈറ്റാണ്. ഇന്റീരിയര്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. 

കൊറിയയില്‍ ഇറങ്ങുന്ന കാസ്പറില്‍ 85 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എന്‍ജിനും 99 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 2024-ഓടെ കാസ്പറിന്റെ ഇലക്ട്രിക് പതിപ്പും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുമെന്നാണ് സൂചനകള്‍. 

Content Highlights: Hyundai Casper Mini SUV Unveiled, Hyundai Casper Global Debut