മിനി എസ്.യു.വി. എന്ന പുത്തന്‍ വാഹനശ്രേണിയിലേക്ക് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിക്ക് എന്‍ട്രി നല്‍കാനൊരുങ്ങുന്ന വാഹനമാണ് കാസ്പര്‍. ഹ്യുണ്ടായി എ.എക്‌സ്-1 എന്ന കോഡ് നാമത്തില്‍ അറിയിപ്പെടുന്ന ഈ വാഹനത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ 15-ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ കൊറിയയിലാണ് ഈ വാഹനം ആദ്യം ഒരുങ്ങുന്നത്. 

അടുത്തിടെ ഹ്യുണ്ടായി പുറത്തിറക്കിയ ടീസറിലൂടെയാണ് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. 2021-ല്‍ ഈ വാഹനത്തിന്റെ 12,000 യൂണിറ്റ് മാത്രമായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, 2022-ല്‍ ഇത് 70,000 ആക്കി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയയില്‍ പുതുതായി ആരംഭിച്ച ജി.ജി.എം. ഫാക്ടറിയിലാണ് ഈ വാഹനം നിര്‍മിക്കുക. 

ഹ്യുണ്ടായി എ.എസ്-1 എന്ന കോഡ് നാമത്തില്‍ അറിയിപ്പെട്ടിരുന്നു ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച സൂചനകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാസ്പര്‍ എന്ന പേരിന് ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതോടെയാണ് വരാനിരിക്കുന്ന കുഞ്ഞന്‍ എസ്.യു.വിക്ക് ഈ പേര് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 

ഹ്യുണ്ടായി സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ.1 പ്ലാറ്റ്ഫോമിലായിരിക്കും കാസ്പറും ഒരുങ്ങുക. ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ മുമ്പ് ഹ്യുണ്ടായി തന്നെ പുറത്തുവിട്ടിരുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പിനൊപ്പം ബമ്പറില്‍ പ്രൊജക്ഷന്‍ ലൈറ്റുകളും നല്‍കിയുള്ള ഡിസൈന്‍ ടീസറാണ് പുറത്തുവന്നത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും വാഹനത്തിലുണ്ട്. പുതുമയുള്ള എല്‍.ഇ.ഡി. ടെയില്‍ ലാമ്പും ഇതിലുണ്ട്.

ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിലുള്ള 82 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലര്‍ പതിപ്പില്‍ നല്‍കുക. വിദേശ നിരത്തുകളില്‍ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ കാസ്പര്‍ എത്തിയേക്കും.

Source: Team BHP

Content Highlights: Hyundai Casper Mass Production Begins From September 15