ഹ്യുണ്ടായി എസ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലായ കാസ്പര്‍ മിനി എസ്.യു.വി. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. നിര്‍മാതാക്കളെ പോലും അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് കാസ്പറിന് സ്വന്തംനാട്ടില്‍ ലഭിച്ചിരിക്കുന്നത്. സൗത്ത് കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 12,000 പേരാണ് ആദ്യ ദിനം ഈ വാഹനം ബുക്കുചെയ്തത്.

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന വാഹനം കൊറിയന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണെന്നാണ് വിവരം. അതേസമയം, കാസ്പര്‍ ഇന്ത്യന്‍ നിരത്തുകളിലും എത്തുമെന്നും സൂചനയുണ്ട്. എ.എക്സ്-1 എന്ന കോഡ് നാമത്തിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഗ്രാന്റ് ഐ10, സാന്‍ട്രോ തുടങ്ങിയ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 കോംപാക്ട് കാര്‍ പ്ലാറ്റ്ഫോമിലാണ് കാസ്പര്‍ ഒരുങ്ങിയിട്ടുള്ളത്. 

Hyundai Casper
ഹ്യുണ്ടായി കാസ്പര്‍ | Photo: Hyundai Motor Group

റെട്രോ ഡിസൈനിലാണ് കാസ്പറിന്റെ ബോഡി ഒരുങ്ങിയിട്ടുള്ളത്. വെന്യുവിനോട് സമാനമായ ബോണറ്റിനോട് ചേര്‍ന്നുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ക്രോമിയം ആവരണം നല്‍കി സ്റ്റൈലിഷായി ഒരുക്കിയിട്ടുള്ള ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ചെറിയ എയര്‍ ഡാം എന്നിവ ചേര്‍ന്നതാണ് കാസ്പറിന്റെ മുഖഭാവം. വാഹനത്തിന് ചുറ്റിലും നീളുന്ന വീല്‍ ആര്‍ച്ചും അലോയി വീലും വശങ്ങളുടെ സൗന്ദര്യമാണ്. 

പുതുമയുള്ള ഡിസൈനാണ് പിന്‍ഭാഗത്തിന്റെ സൗന്ദര്യം. വിന്‍ഡ് സ്‌ക്രീനിനോട് ചേര്‍ന്നാണ് എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, പിന്‍ഭാഗത്തെ ബമ്പറിന്റെ വശങ്ങളിലും ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. സി.പില്ലറില്‍ നല്‍കിയിട്ടുള്ള ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സണ്‍റൂഫ് എന്നിവയെല്ലാം ഡിസൈന്‍ ഹൈലൈറ്റാണ്. 

Hyundai Casper
ഹ്യുണ്ടായി കാസ്പര്‍ | Photo: Hyundai Motor Group

കാസ്പറിന്റെ ഇന്റീരിയര്‍ അല്‍പ്പം സ്‌പെഷ്യലാണ്. മുന്‍നിരയിലെയും പിന്‍നിരയിലെയും സീറ്റുകള്‍ മടക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. രണ്ടാം നിര സീറ്റ് 39 ഡിഗ്രി വരെ ചായ്ക്കാനും സാധിക്കും. എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, കീ-ലെസ് എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റ് തുടങ്ങിയവയാണ് ഈ കുഞ്ഞന്‍ വാഹനത്തിന്റെ ഉള്ളിലുള്ളത്. 

76 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എന്‍ജിനും 100 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായാണ് കാസ്പര്‍ കൊറിയന്‍ നിരത്തുകളില്‍ ഇറങ്ങിയിരിക്കുന്നത്. നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന വകഭേദത്തില്‍ ഏഴ് എയര്‍ബാഗ്, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ് എന്നിവ സുരക്ഷയൊരുക്കും.

Source: India Car News

Content Highlights: Hyundai Casper Launched In South Korea; Achieve High Booking