സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനമായ നെക്‌സോ എസ്.യു.വി ഇന്ത്യയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നെക്‌സോ FCEV (ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍) യുടെ സാധ്യത പഠനം ഹ്യുണ്ടായ് ആരംഭിച്ചു. കൂടുതല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഫ്യുവല്‍ സെല്‍ വാഹനം ഹ്യുണ്ടായ് ഇവിടെ പരീക്ഷിക്കുന്നത്. അടുത്തിടെ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാറായ കോന എസ്.യു.വി ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. 

കഴിഞ്ഞ 2018 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലായിരുന്നു ഹ്യുണ്ടായ് നെക്‌സോ ആദ്യമായി അവതരിച്ചത്. 40 kW ലിഥിയം അയേണ്‍ ബാറ്ററിയും 95 kW ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുമാണ് നെക്‌സോയുടെ ഹൃദയം. 161 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്. ഒറ്റ റൗണ്ടില്‍ ഏകദേശം 666 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും നെക്‌സോ ഫ്യുവല്‍ സെല്ലിന് സാധിക്കും. 9.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന നെക്‌സോയുടെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്. 

NEXO

ഒറ്റനോട്ടത്തില്‍ ഐ20-യുടെയും ക്രെറ്റയുടെയും ക്രോസ് ഓവറാണെന്ന തോന്നിപ്പിക്കുന്ന രൂപമാണ് നെക്‌സോയുടേത്. ചെറിയ ഗ്രില്ലും നീളമുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുമാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ഇന്റീരിയറില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല. സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി, ഹൈവേ ഡ്രൈവിങ് അസിസ്റ്റന്‍സ്, റിമോട്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും നെക്‌സോയിലുണ്ട്. യൂറോ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ സ്‌കോര്‍ നേടി സുരക്ഷ ഉറപ്പിക്കാനും നെക്‌സോയ്ക്ക് സാധിച്ചിരുന്നു. 

Content Highlights; hyundai begins feasibility study for fuel cell vehicles in india