ഹ്യുണ്ടായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച കോംപാക്ട് സെഡാന് വാഹനമായ ഓറ വരവറിയിച്ചു. ഹ്യുണ്ടായിയുടെ 2020-ലെ ആദ്യ ലോഞ്ചായി ജനവരി 21-ന് ഓറ വിപണിയിലെത്തും. മാരുതിയുടെ ഡിസയറും ഹോണ്ട അമേസും ഫോര്‍ഡ് ആസ്പയറുമായിരിക്കും ഓറയുടെ മുഖ്യ എതിരാളികള്‍.
ഹ്യുണ്ടായി നിയോസിന്റെ പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഓറ എന്ന കോംപാക്ട് സെഡാന് പ്രധാനമായും വ്യക്തിഗത ഉപയോക്താക്കളെ ഉദേശിച്ചാണ് പുറത്തിറക്കിയിട്ടുള്ളത്. ഹ്യുണ്ടായി എക്സെന്റിന്റെ പ്രീമിയം പതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന വാഹനവുമാണ് ഓറ.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സും നല്‍കും.
ഡിസൈനില്‍ ഹ്യുണ്ടായി നിയോസുമായി ഓറയ്ക്ക് ഏറെ സാമ്യമുണ്ട്. നിയോസില്നിന്ന് കടമെടുത്ത കാസ്കേഡ് ഗ്രില്ല്, പ്രൊജക്ഷന് ഹെഡ്ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡിആര്‍എല്‍ ചെറിയ ഫോഗ്ലാമ്പ്, എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്.
ഫോര്‍ഡ് ആസ്പയറുമായി സാമ്യമുള്ള പിന്‍വശമാണ് ഓറയുടേത്. ഹാച്ച്ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, ഡോറിന്റെ മധ്യഭാഗത്തെ ഓറ ബാഡ്ജിങ്ങ്, ക്രോമിയം സ്ട്രിപ്പ് എന്നിവ പിന്‍വശത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയി, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഒറയിലുണ്ട്.
ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സംബന്ധിച്ച ചിത്രങ്ങളൊന്നും ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എങ്കിലും നിയോസിലെ ഫീച്ചറുകള്‍ ഈ വാഹനത്തിലും നല്‍കിയേക്കുമെന്നാണ് വിവരം. ഓറയുടെ വില വിവരം ജനുവരി 21-ന് പ്രഖ്യാപിക്കും.
Content Highlights: Hyundai Aura Launch Date Announce
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..