മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ഹ്യുണ്ടായി എക്‌സെന്റിന്റെ കൂടെപ്പിറപ്പാകുന്ന ഓറ വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഓറയുടെ പെട്രോള്‍ പതിപ്പിന് 5.79 ലക്ഷം രൂപ മുതല്‍8.54 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പിന് 7.73 ലക്ഷം രൂപ മുതല്‍ 9.22 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.  

ടാക്‌സിയായി മാറുന്ന എക്‌സെന്റിന്റെ സ്ഥാനത്തായിരിക്കും ഓറ വരുന്നത്. അതുകൊണ്ടുതന്നെ മാരുതി ഡിസയര്‍, ഹോണ്ട അമേസ് എന്നിവരുമായാണ് മത്സരം. എക്‌സെന്റ്, നിയോസ് മോഡലുകളില്‍നിന്ന് കടമെടുത്ത രൂപമാണ് ഓറയ്ക്ക്. ഇന്ത്യന്‍ നിരത്തിലുള്ള കോംപാക്ട് സെഡാന്‍ ശ്രേണിയിലെതന്നെ മികച്ച കരുത്തും ഒട്ടേറെ ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.

കാഴ്ചയില്‍ ഗ്രാന്‍ഡ് ഐ 10 നിയോസുമായാണ് ഓറയ്ക്ക് കൂടുതല്‍ സാമ്യം. നിയോസില്‍നിന്ന് കടമെടുത്ത കാസ്‌കേഡ് ഗ്രില്‍, പ്രൊജക്ടഡ് ഹെഡ്ലാമ്പ്, ബൂമറാങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ചെറിയ ഫോഗ്ലാമ്പ് എന്നിവ മുന്‍വശത്തിന് അഴകേകുന്നു. ഹാച്ച്ഡോറിലേക്ക് കയറിയ ടെയ്ല്‍ ലാമ്പ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്.

Hyundai Aura

ക്രോമിലുള്ള വലിയ എഴുത്ത് പുതിയ ഹ്യുണ്ടായ് വാഹനങ്ങളുടെ മുഖമുദ്രയായി മാറുന്നത് ഇതിലും കമ്പനി തുടരുന്നുണ്ട്. സ്‌പോര്‍ട്ടി അലോയ് വീലുകള്‍, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും സവിശേഷതകളാണ്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയര്‍ന്ന വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവയും ലഭ്യമാണ്.

എയര്‍ കര്‍ട്ടന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഇക്കോ കോട്ടിങ് ടെക്നോളജി, ലെതര്‍ പൊതിഞ്ഞ ഗിയര്‍ നോബ്, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു. ബി.എസ്. സിക്‌സ് നിലവാരത്തിലുള്ള മൂന്ന് എന്‍ജിനുകളാണ് ഓറയ്ക്ക് കരുത്ത് നല്‍കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണവ.

Hyundai Aura

1.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 100 ബി.എച്ച്.പി. കരുത്തും 172 എന്‍.എം. ടോര്‍ക്കും നല്‍കുമ്പോള്‍ കാപ്പ പെട്രോള്‍ 83 ബി.എച്ച്.പി. കരുത്തില്‍ 114 എന്‍.എം. ടോര്‍ക്കും നല്‍കുന്നു. സിംഗിള്‍ ഓയില്‍ ബര്‍ണര്‍ ഡീസല്‍ യൂണിറ്റ് 75 ബി.എച്ച്.പി. കരുത്തും 190 എന്‍.എം. ടോര്‍ക്കും നല്‍കും. 1.2 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാകും.

Content Highlights: Hyundai Aura Compact Sedan Launched In India