കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കുന്നതിനായി ഇന്ത്യയിലെ വാഹനനിര്‍മാതാക്കളെല്ലാം തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തിന് സന്നദ്ധത അറിയിച്ച് കഴിഞ്ഞു. അതേസമയം, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെന്റിലേറ്ററുകൾ നിര്‍മിക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ എയര്‍ ലിക്വിഡ് മെഡിക്കല്‍ സിസ്റ്റം എന്ന കമ്പനിയുമായി സഹകരിക്കുന്നു.
പ്രധാനമായും തമിഴ്നാട്ടിലെ ആശുപത്രികള്‍ക്കായാണ് ഹ്യുണ്ടായിയും എയര്‍ ലിക്വിഡും വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ കൂട്ടുകെട്ടില്‍ വെന്റിലേറ്റര്‍ എത്തിക്കുമെന്നും സൂചനയുണ്ട്. ആദ്യപാദത്തില്‍ 1000 വെന്റിലേറ്ററുകള്‍ നിര്‍മിക്കും. പിന്നാലെ ഉത്പാദനം ഉയര്‍ത്താനാണ് ഇരുകമ്പനികളുടെയും ലക്ഷ്യം.
കൊറോണ വൈറസ് ബാധിതരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വെന്റിലേറ്ററുകള്‍ അത്യന്താപേക്ഷിതമാണ്. കാര്യക്ഷമമായി ഓക്സിജന്‍ നല്‍കുന്നതിനായാണ് വെന്റിലേറ്റര്‍ സഹായം ഉപയോഗിക്കുന്നത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഇന്ത്യയിലെ എല്ലാ വാഹനനിര്മാതാക്കളോടും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വെന്റിലേറ്റര്‍ ഉള്‍പ്പെടെ മറ്റ് സുരക്ഷ ഉപകരണങ്ങളുടെ നിര്‍മാണത്തിലാണ് ഹ്യുണ്ടായി ഇപ്പോള്‍. അതേസമയം, നിര്‍മാണം വേഗത്തിലാക്കാനും കൂടുതല്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍ നല്കുന്നതിനുമാണ് ഈ മേഖലയിലെ പ്രബലരായ എയര്‍ ലിക്വിഡ് മെഡിക്കല്‍ സിസ്റ്റവുമായി സഹകരിക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ എംഡി-സിഇഒ എസ്.എസ്.കിം അറിയിച്ചു.
വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഹ്യുണ്ടായി സാന്നിധ്യമാകുന്നുണ്ട്. വൈറസ് ബാധ പരിശോധിക്കുന്നതിനായി അഡ്വാന്‍സ്ഡ് ടെസ്റ്റിങ്ങ് കിറ്റുകള്‍ കഴിഞ്ഞ ദിവസം ഹ്യുണ്ടായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം തമിഴ്നാട്ട് സര്‍ക്കാരിന് അഞ്ച് കോടി രൂപ ധനസഹായവും നല്‍കിയിട്ടുണ്ട്.
Content Highlights:Hyundai Associated With Medical Equipment Company Air Liquide To Develop Ventilator
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..