-
ബാറ്ററി, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം ബ്രാന്‍ഡ് നെയിം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. അയോണിക് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബ്രാന്‍ഡിന്റെ കീഴിലായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തുക. അയോണിക്കിന്റെ ലേബലില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മൂന്ന് മോഡലുകളും ഹ്യുണ്ടായി പ്രഖ്യാപിച്ചു.
ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ശക്തമാകുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയുടെ ഈ ഉദ്യമം. അയോണിക് എന്ന ബ്രാന്റിന്റെ പിന്‍ബലത്തില്‍ ലോകത്തിലെ ഇലക്ട്രിക് വാഹനമേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.
അയേണ്‍, യൂണിക് എന്നീ വാക്കുകളില്‍ നിന്നാണ് അയോണിക് എന്ന പേരിന്റെ ജനനം. പ്രകൃതി സൗഹൃദമായുള്ള വാഹനങ്ങളുടെ ഗവേഷണമായിരിക്കും പ്രധാനമായി അയോണിക്കിന്റെ ഉത്തരവാദിത്വം. ഒരു ബോഡി ടൈപ്പില്‍ നിന്ന് ഇലക്ട്രിക് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് എന്നീ എന്‍ജിനുകളിലായിരിക്കും അയോണിക് വാഹനങ്ങളെത്തിക്കുക.

സംഖ്യകളുടെ അടിസ്ഥാനത്തിലായിരിക്കും ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുക. ഒറ്റ സംഖ്യകള്‍ എസ്‌യുവികള്‍ക്കും ഇരട്ട സംഖ്യകള്‍ സെഡാനുകള്‍ക്കും നല്‍കും. സിയുവി ശ്രണിയില്‍ അയോണിക് 5 എന്ന പേരിലായിരിക്കും ആദ്യ വാഹനമെത്തുക. ഇത് 2021-ന്റെ തുടക്കത്തില്‍ തന്നെ പ്രതീക്ഷിക്കാമെന്നും ഹ്യുണ്ടായി അറിയിച്ചു.
ഹ്യുണ്ടായി 2019 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇവി45 കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും അയോണിക് 5 ഒരുങ്ങുക. 2022-ല്‍ അയോണിക് 6 ഇലക്ട്രിക് സെഡാന്‍ അവതരിപ്പിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ഹ്യുണ്ടായി അവതരിപ്പിച്ച ഇവി കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ എത്തുക. 2024-ല്‍ അയോണിക്കിന്റെ ഇലക്ട്രിക് എസ്‌യുവി നിരത്തുകളിലെത്തുമെന്നും ഹ്യുണ്ടായി അറിയിച്ചു.
Content Highlights: Hyundai Announce Ionic Brand For Electric Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..