രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് രാജ്യത്തിന് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യുണ്ടായി കെയേഴ്‌സ് 3.0-യുടെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളും ഹ്യുണ്ടായി നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. 

മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായാണ് ഹ്യുണ്ടായി അടിയന്തര സഹായം ഒരുക്കിയിട്ടുള്ളത്. ഗുരുതര രോഗികള്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ ഓക്‌സിജന്‍ ജനറേറ്റിങ്ങ് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങളും പുരോഗമിക്കുകയാണെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഇതുവഴി ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി കരുതുന്നത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളായ ആശുപത്രി ജീവനക്കാരെ സഹായിക്കുന്നതിനായി ഹ്യുണ്ടായി മെഡികെയര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി ഗ്രാമീണ മേഖലയില്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയും ടെലിമെഡിക്കല്‍ ക്ലിനിക്കുകള്‍ ഒരുക്കുകയും ചെയ്യാനുള്ള പദ്ധതികളും പുരോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ആശുപത്രികള്‍ക്ക് പരമാവധി പിന്തുണയാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

രാജ്യം മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളാണ് ഈ കോവിഡ് കാലത്തുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പരസ്പര പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായാണ് കോവിഡ് രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പിന്തുണ ഒരുക്കാന്‍ ഹ്യുണ്ടായി മുന്നിട്ടിറങ്ങുന്നത്. കമ്പനിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള പിന്തുണ ജനങ്ങള്‍ക്ക് ഉറപ്പാക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Hyundai Announce 20 Crore Rupees Donation To Fight Against Corona Virus Pandemic