ഹ്യുണ്ടായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഡലാണ് ഏഴ് സീറ്റര്‍ എസ്.യു.വി. മോഡലായ അല്‍കാസര്‍. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്നില്ലെങ്കില്‍ ഇതിനോടകം ഈ വാഹനം വിപണിയില്‍ സ്ഥാനം പിടിക്കേണ്ടതാണ്. വാഹനത്തിന്റെ വരവ് അല്‍പ്പം വൈകുമെങ്കിലും അല്‍കാസറിന്റെ അനൗദ്യോഗികമായ ബുക്കിങ്ങുകള്‍ ഇതിനോടകം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഏപ്രില്‍ ആദ്യവാരം തന്നെ ഈ വാഹനം അവതരിപ്പിക്കുമെന്നായിരുന്നു ഹ്യുണ്ടായി അറിയിച്ചിരുന്നത്. എന്നാല്‍, വൈറസ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഈ വാഹനം മേയ് മാസം അവസാനമോ ജൂണിലെ ആദ്യവാരമോ പ്രതീക്ഷിച്ചാല്‍ മതിയെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്‍കാസറിന്റെ ചിത്രങ്ങളും ഫീച്ചറുകള്‍ സംബന്ധിച്ച വിവരവും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട്.

മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അല്‍കാസര്‍ എത്തും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലും, എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്ലാമ്പുമെല്ലാം അല്‍കാസറിനെ ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമാക്കും. 

ഫീച്ചറുകളില്‍ അല്‍കാസറും ക്രെറ്റയും സമമാണ്. ആറ് സീറ്ററില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്ററില്‍ ബെഞ്ച് സീറ്റും നല്‍കും. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും. 

സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് അല്‍കാസറില്‍ നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 159 ബി.എച്ച്.പി പവറും 192 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Source; ZigWheels

Content Highlights: Hyundai Alcazar Unofficial Booking Begins In Dealership Level