ഹ്യുണ്ടായിയുടെ പ്രീമിയം 7 സീറ്റര്‍ എസ്.യു.വി. മോഡലായ അല്‍കാസറിന്റെ വരവിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വരവ് നീണ്ടുപോയ ഈ വാഹനം ജൂണ്‍ 18-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാകള്‍ ഉറപ്പുനല്‍കി. വരവിന് മുന്നോടിയായി ജൂണ്‍ ഒമ്പതാം തീയതി മുതല്‍ അല്‍കാസറിനായുള്ള ബുക്കിങ്ങ് ഹ്യുണ്ടായി ആരംഭിച്ചിരുന്നു. 

ഇന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിച്ച് കഴിഞ്ഞ ടാറ്റ സഫാരി, എം.ജി. ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്.യു.വി.500 തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനാണ് അല്‍കാസര്‍ എത്തുന്നത്. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാര്‍ഥ വില അവതരണ വേളയില്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം.

ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുടെ ആറ്-ഏഴ് സീറ്റര്‍ പതിപ്പായാണ് അല്‍കാസര്‍ എത്തുന്നത്. എന്നാല്‍, ക്രെറ്റയെക്കാള്‍ 150 എം.എം. അധിക വീല്‍ബേസ് നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 2760 എം.എം. ആണ് അല്‍കാസറില്‍ നല്‍കിയിട്ടുള്ള വീല്‍ബേസ്. അതുകൊണ്ട് തന്നെ മൂന്നാം നിരയില്‍ ആവശ്യത്തിന് സ്‌പേസ് ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്‌ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലര്‍ത്തുന്നുണ്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അല്‍കാസര്‍ എത്തും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലും, എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പുമെല്ലാം അല്‍കാസറിനെ ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമാക്കും. 

സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് അല്‍കാസര്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് അല്‍കാസറില്‍ നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ 159 ബി.എച്ച്.പി പവറും 192 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Content Highlights: Hyundai Alcazar SUV Will Launch On June 18