രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അല്‍കാസര്‍ എന്ന ഏഴ് സീറ്റ് എസ്.യു.വി. ഹ്യുണ്ടായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വാഹനം ഏപ്രില്‍ ആറാം തീയതി പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലായിരിക്കും വാഹനത്തിന്റെ പ്രദര്‍ശനം നടക്കുക. മെയ് മാസം മുതല്‍ അല്‍കാസര്‍ നിരത്തുകളില്‍ ഇറങ്ങി തുടങ്ങുമെന്നും സൂചനകളുണ്ട്. 

ഹ്യുണ്ടായിക്ക് ഇന്ത്യന്‍ നിരത്തുകളില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ക്രെറ്റ എന്ന മിഡ്-സൈസ് എസ്.യു.വിയുടെ ഏഴ് സീറ്റര്‍ പതിപ്പായാണ് അല്‍കാസര്‍ പിറവിയെടുക്കുന്നത്. ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ പേര് ഔദ്യോഗികമായി ഹ്യുണ്ടായി പ്രഖ്യാപിച്ചത്. പ്രദര്‍ശനത്തിന് മുന്നോടിയായി ഈ വാഹനം നിരത്തുകളിലെ പരീക്ഷണയോട്ടവും ആരംഭിച്ചിട്ടുണ്ട്. 

അല്‍കാസര്‍ രൂപത്തില്‍ മുന്‍ഗാമിയായ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്നാണ് സൂചന. പരീക്ഷണയോട്ടത്തില്‍ ഈ വാഹനത്തിന്റെ പിന്‍ഭാഗത്തെ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. ക്രെറ്റയ്ക്ക് സമാനമായി ടെയ്ല്‍ലൈറ്റുകളാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പം അല്‍കാസറില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, ക്രെറ്റയെക്കാള്‍ 20 എം.എം. വീല്‍ബേസും 30 എം.എം. നീളവും കൂടിയായിരിക്കും അല്‍കാസര്‍ എത്തുന്നത്. 

ഫീച്ചറുകളുടെ കാര്യത്തില്‍ ക്രെറ്റയെക്കാള്‍ ഒരുപടി മുന്നിലാണ് അല്‍കാസര്‍ എന്നാണ് സൂചന. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്റ് ഓപ്ഷനില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്‌നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും. 

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും അല്‍കാസര്‍ ഒരുങ്ങുന്നത്. ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും.

Source: Team BHP

Content Highlights: Hyundai Alcazar SUV Unveil In April 6