ഹ്യുണ്ടായി അൽകാസർ ഡിസൈൻ സ്കെച്ച് | Photo: Facebook|Hyundai India
ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന ഏഴ് സീറ്റര്‍ മോഡലായ അല്‍കാസറിന്റെ ഡിസൈന്‍ സ്കെച്ച് പുറത്തുവിട്ടു. ഹ്യുണ്ടായിയുടെ മറ്റൊരു എസ്.യു.വി. മോഡലായ ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പാകുന്ന ഈ വാഹനം ഡിസൈനിങ്ങിലും ക്രെറ്റയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. മുന്‍ഭാഗം ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ വശങ്ങളുടെയും പിന്‍ഭാഗത്തിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ക്രെറ്റയില്‍ നിന്ന് ഏറെ പുതുമയുള്ള പിന്‍ഭാഗവും ഡി-പില്ലറുമാണ് അല്‍കാസറില്‍ നല്‍കിയിട്ടുള്ളത്. റാപ്പ് എറൗണ്ട് ടെയ്ല്‍ലാമ്പ്, റിയര്‍ സ്പോയിലര്‍, ടെയ്ല്ഗേറ്റിന്റെ മധ്യഭാഗത്തേക്ക് മാറിയിട്ടുള്ള നമ്പര്‍ പ്ലേറ്റ്, സ്കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് സ്കെച്ചില്‍ നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ വീല്‍ബേസ് ഉയര്‍ത്തിയിട്ടുണ്ട്. അലോയി വീലുകള്‍ ഉള്‍പ്പെടെയുള്ളവ ക്രെറ്റയില്‍ നിന്ന് പറിച്ച് നട്ടവയാണെന്നാണ് ചിത്രം നല്കുന്ന സൂചന.
ഫീച്ചറുകളുടെ കാര്യത്തിലും ക്രെറ്റയ്ക്ക് സമാനമാണ് അല്‍കാസര്‍. ആറ് സീറ്റര്‍ പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്റ് ഓപ്ഷനില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ തുടങ്ങിയവ അകത്തളത്തില്‍ നല്‍കും.

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും അല്‍കാസര്‍ ഒരുങ്ങുന്നത്. ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്ജിന് 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് ഈ വാഹനങ്ങളില്‍ നല്‍കും.
Content Highlights: Hyundai Alcazar Official Sketch Revealed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..