ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പ്രീമിയം സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) 'അല്‍കാസറി'ന് വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 11,000 യൂണിറ്റുകളുടെ ബുക്കിങ്. ഇതിനോടകം 5,600 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞതായി സെയില്‍സ്, മാര്‍ക്കറ്റിങ്, സര്‍വീസ് വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് അറിയിച്ചു. 

ആറ് സീറ്റും ഏഴ് സീറ്റുമുള്ള എസ്.യു.വി.യായ അല്‍കാസര്‍ അവതരിപ്പിച്ചതോടെ, എസ്.യു.വി. ശ്രേണിയില്‍ കമ്പനിയുടെ മേധാവിത്വം ശക്തിപ്പെടുത്താന്‍ കഴിഞ്ഞെന്നും തരുണ്‍ ഗാര്‍ഗ് വ്യക്തമാക്കി. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് അല്‍കാസര്‍ നിരത്തുകളില്‍ എത്തുന്നത്.

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള അല്‍കാസര്‍ എസ്.യു.വിക്ക് 16.30 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് അല്‍കാസര്‍. 

ഫീച്ചറുകളില്‍ സമ്പന്നമായാണ് അല്‍കാസറിന്റെ വരവ്. ബ്ലൂലിങ്ക്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിങ്ങ്, ആറ് സീറ്റ് ഓപ്ഷനില്‍ മൂന്ന് നിരയിലും ക്യാപ്റ്റന്‍ സീറ്റും ഏഴ് സീറ്റില്‍ പിന്‍നിരയില്‍ ബഞ്ച് സീറ്റും നല്‍കിയിട്ടുണ്ട്. 

157 ബി.എച്ച്.പി. പവറും 191 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് എന്‍ജിനൊപ്പവും ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റ് ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.

Content Highlights: Hyundai Alcazar Get 11000 Booking In One Month