മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായിയുടെ ആറ്/ഏഴ് സീറ്റര്‍ എസ്.യു.വി. അല്‍കാസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റുകളില്‍ പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള അല്‍കാസര്‍ എസ്.യു.വിക്ക് 16.30 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക്/ മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്നുണ്ട്.

ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് അല്‍കാസര്‍. എന്നാല്‍, വലിപ്പത്തിലും ഫീച്ചറുകളിലും സ്റ്റൈലിലും ഈ വാഹനത്തെ ക്രെറ്റയില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ സാധിക്കും. എം.ജി. ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്രയുടെ വരവിനൊരുങ്ങുന്ന എക്‌സ്.യു.വി. 700 തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടാനാണ് ഹ്യുണ്ടായി അല്‍കാസറിനെ എത്തിച്ചിരിക്കുന്നത്. 

Hyundai Alcazar
ഹ്യുണ്ടായി അല്‍കാസര്‍ | Photo: Hyundai India

മുഖഭാവത്തില്‍ ക്രെറ്റയുമായി സാമ്യമുള്ള വാഹനമാണ് അല്‍കാസര്‍. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍, ബമ്പറില്‍ ഒറ്റ പാനലില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഇന്റിക്കേറ്ററും ഫോഗ്‌ലാമ്പും, പവര്‍ ലൈനുകള്‍ നല്‍കിയുള്ള വലിയ ബോണറ്റുമാണ് അല്‍കാസറിന്റെ മുഖഭാവം അലങ്കരിക്കുന്നത്. 

ഫീച്ചറുകളില്‍ സമ്പന്നമായാണ് അല്‍കാസറിന്റെ വരവ്. ബ്ലൂലിങ്ക്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിങ്ങ്, ആറ് സീറ്റ് ഓപ്ഷനില്‍ മൂന്ന് നിരയിലും ക്യാപ്റ്റന്‍ സീറ്റും ഏഴ് സീറ്റില്‍ പിന്‍നിരയില്‍ ബഞ്ച് സീറ്റും നല്‍കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് ഫീച്ചറുകള്‍ അല്‍കാസറിനെ സമ്പന്നമാക്കുന്നത്. 

Hyundai Alcazar
ഹ്യുണ്ടായി അല്‍കാസര്‍ | Photo: Hyundai India

157 ബി.എച്ച്.പി. പവറും 191 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് എന്‍ജിനൊപ്പവും ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റ് ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്. രണ്ട് എന്‍ജിനുകള്‍ക്കും മികച്ച ഇന്ധനക്ഷമതയും ഹ്യുണ്ടായി ഉറപ്പ് വരുത്തിയിട്ടുണ്ട്.

Content Highlights: Hyundai Alcazar 6/7 Seater SUV Launched In India