രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി വാഹന നിര്‍മാതാക്കളാണ് സഹായ ഹസ്തവുമായി എത്തിയിട്ടുള്ളത്. ഈ നിരയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും ചേര്‍ന്നിരിക്കുകയാണ്. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങള്‍ക്കായി ജീവന്‍ രക്ഷ ഉത്പന്നങ്ങള്‍ നല്‍കുന്നതിനായണ് ഹ്യുണ്ടായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

മെഡികെയര്‍ ഓക്‌സിജന്‍ എക്യുപ്‌മെന്റുകളാണ് ഹ്യുണ്ടായി ആശുപത്രികള്‍ക്കായി നല്‍കുന്നത്. ഹ്യണ്ടായിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി ബാക്ക് ടു ലൈഫ് ഉദ്യമത്തിന്റെ ഭാഗമായാണ് ജീവന്‍രക്ഷ ഉത്പന്നങ്ങള്‍ വിതരണത്തിനെത്തിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായി മറ്റ് പദ്ധതികളും ഒരുക്കുന്നുണ്ട്. 

ഇപ്പോള്‍ രാജ്യം നേരിടുന്ന ഈ പ്രതിസന്ധി നമ്മളെ ഓരോരുത്തരേയും ബാധിക്കുന്നതാണ്. ഇതിനെ അതിജീവിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. രോഗികളായവര്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം, ഓരോരുത്തലാലും സാധ്യമായ എല്ലാ സഹകരണവും ഈ മഹാമാരിയെ മറികടക്കാന്‍ ആവശ്യമാണെന്ന് ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. 

ഈ പ്രതിസന്ധി മറികടക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാന്‍ ഹ്യുണ്ടായി പ്രതിജ്ഞബദ്ധമാണ്. അതിടെ ആദ്യപടിയായാണ് ലൈഫ് സേവിങ്ങ് മെഡികെയര്‍ ഓക്‌സിജന്‍ എക്യുപ്‌മെന്റ് വിതരണം ചെയ്യുന്നത്. നിലവില്‍ പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങളിലാണ് എത്തിക്കുന്നത്. എന്നാല്‍, മറ്റ് സ്ഥലങ്ങളിലും ഹ്യുണ്ടായിയുടെ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു.

ഈ പദ്ധതിക്ക് പുറമെ, ഹ്യുണ്ടായി കെയേഴ്‌സ് 3.0-യുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ഓക്‌സിജന്‍ കോണ്‍സന്ററേറ്റേഴ്‌സ്, ഹൈ ഫ്‌ളോ ഓക്‌സിജന്‍ പ്ലാന്റ്‌സ്, ഹൈ-ഫ്‌ളോ നാസല്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ മെഷിന്‍ തുടങ്ങി ക്രിട്ടിക്കല്‍ മെഡിക്കല്‍ എക്യുപ്‌മെന്റുകള്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം 20 കോടി രൂപയുടെ ധനസഹായവും ഹ്യുണ്ടായി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Hyundai Accelerates Delivery of Lifesaving Medicare Oxygen Equipment to Affected COVID-19 States