വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആഡംബര യാത്ര ഒരുക്കുന്നതിനുള്ള പദ്ധതിയുമായി ഹൈദരാബാദ് രാജീവ് ഗാന്ധി എയര്‍പോര്‍ട്ട്. വിമാനത്താവളത്തില്‍ തന്നെ സൂപ്പര്‍ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനമൊരുക്കിയാണ് ഹൈദരാബാദ് വിമാനത്താളവം ശ്രദ്ധനേടുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുന്നവര്‍ക്കുള്ള സൗകര്യത്തിന് പുറമെ, ഡ്രൈവറുടെ സേവനം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനവും ഇവിടെ നല്‍കുന്നുണ്ട്.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ, ജാഗ്വാര്‍ എഫ്-ടൈപ്പ്, പോര്‍ഷെ 911 കരേര, ഫോര്‍ഡ് മസ്താങ്ങ് തുടങ്ങിയ സ്‌പോര്‍ട്‌സ് കാറുകളും, ലെക്‌സസ് ES300h, ഔഡി എ3 കാബ്രിയോലെ, ബി.എം.ഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് ഇ250 , മസെരാറ്റി ഗീബ്ലി, ബി.എം.ഡബ്ല്യു 3ജി.ടി, വോള്‍വോ എസ്60, ടൊയോട്ട ഫോര്‍ച്യൂണര്‍, മാരുതി സുസുക്കി സിയാസ് എന്നീ പ്രീമിയം വാഹനങ്ങളുമാണ് യാത്രക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനായി എത്തിച്ചിട്ടുള്ളത്. 

സൂപ്പര്‍ കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് റിപ്പോര്‍ട്ട്. വിമാനം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പായി വേണം ബുക്ക് ചെയ്യാന്‍. ഫോണില്‍ വിളിച്ചും ഓണ്‍ലൈനായും ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കോവിഡ്-19- ന്റെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്യുന്ന വാഹനം സാന്നിറ്റൈസ് ചെയ്ത് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

റെന്റ് എ കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് ശക്തി പ്രാപിച്ച് വരികയാണ്. ചെറു സ്ഥാപനങ്ങള്‍ക്ക് പുറമെ, ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവരും വാഹന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയും ആരംഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ കാറുകള്‍ വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍, യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ടില്‍ സൂപ്പര്‍ കാര്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി ഇതാദ്യമാണെന്നാണ് സൂചന.

Content Highlights: Hyderabad Airport Offer Rent A Super Car Facility To The Passenger