
-
സ്വന്തം വാഹനത്തില്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലെല്ലാം പോകണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. സാധാരണ കാറുകള്‍ ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടില്ല. ഞാന്‍ സ്വന്തമാക്കുന്ന വാഹനം വേറിട്ടതും എന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതുമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന വാഹനമായി തോന്നിയത് മഹീന്ദ്ര ടിയുവി 300 ആണ്.
മഹീന്ദ്രയുടെ എസ്യുവി മോഡലായ ടിയുവി 300-ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സ്റ്റിങ്ങര്‍ സ്വന്തമാക്കിയ മാനസി സാഗ്വിയുടെ വാക്കുകളാണിത്. തീര്‍ത്തും വേറിട്ട വാഹനമായിരുന്നു ഭര്‍ത്താവിന്റെയും ആഗ്രഹം. അതുകൊണ്ടുതന്നെ അദ്ദേഹം മഹീന്ദ്രയുടെ കസ്റ്റമൈസേഷന് വിഭാഗത്തെ സമീപിക്കുകയും ടിയുവിയെ സ്റ്റിങ്ങറാക്കി രൂപമാറ്റം വരുത്തുകയുമായിരുന്നുവെന്നും മാനസി പറയുന്നു.
മിലിട്ടിറി ഗ്രീന്‍ നിറത്തിലാണ് ഈ മഹീന്ദ്ര സ്റ്റിങ്ങര്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ബീം ഹെഡ്ലൈറ്റ്, ചെറിയ ഇന്റിക്കേറ്റര്‍, രൂപമാറ്റം വരുത്തിയിട്ടുള്ള ഗ്രില്ല്, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തിന്റെ ആകര്‍ഷണമാണ്. ബമ്പറില്‍ സെര്‍ച്ച് ലൈറ്റും വിന്‍ഡ് ഷീര്ഡിന് മുകളില്‍ റൂഫ് ലൈറ്റും നല്‍കിയിട്ടുണ്ട്.
കറുപ്പില്‍ മുങ്ങിയതും ആഡംബര ഭാവം തുളുമ്പുന്നതുമായ ഇന്റീരിയറാണ് സ്റ്റിങ്ങറിന്റേത്. ലെതര്‍ ഫിനീഷിങ്ങില്‍ ബോഡി കളര്‍ ആക്സെന്റുകള്‍ നല്‍കിയുള്ള സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍ റൂഫ് എന്നിവ ടിയുവി 300-ല്‍ നിന്ന് സ്റ്റിങ്ങറിനെ ഏറെ വ്യത്യസ്തമാക്കുന്ന ഫീച്ചറുകളാണ്. പുതിയ ഡിസൈനിലുള്ള ത്രീ സ്പോര്‍ക്ക് സ്റ്റിയറിങ്ങ് വീലും ഇതിലുണ്ട്.
വാഹനത്തിന്റെ ഡിസൈനിലും സൗകര്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും എന്‍ജിനെയും കരുത്തിനെയും കുറിച്ച് മാനസി വെളിപ്പെടുത്തിയിട്ടില്ല. തന്റെ ജീവിതത്തില്‍ ഇതുവരെ തന്റെ ഭര്‍ത്താവ് നല്‍കിയതില്‍ ഏറ്റവും മികച്ച സമ്മാനമാണ് മഹീന്ദ്ര സ്റ്റിങ്ങറെന്നാണ് മാനസി അഭിപ്രായപ്പെടുന്നത്.
Content Highlights: Husband Gifted Mahindra TUV300 Based Stinger To His Wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..