ലോകത്തിലെ തന്നെ കരുത്തന്‍ വാഹനങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ജനറല്‍ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്ന ഹമ്മര്‍ എന്ന എസ്‌യുവി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തുകളോട് വിട പറഞ്ഞ ഈ വാഹനം തിരിച്ചെത്തുകയാണ്. എന്നാല്‍, ഇലക്ട്രിക് കരുത്തുള്ള പിക്ക് അപ്പ് ആയാണ് ഹമ്മര്‍ നിരത്തിലെത്തുന്നത്.

പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസര്‍ പുറത്തുവിട്ടാണ് ഹമ്മര്‍ വരവറിയിച്ചിരിക്കുന്നത്. ഓള്‍ ഇലക്ട്രിക്, സീറോ എമിഷന്‍, സീറോ ലിമിറ്റ് എന്നിവയാണ് ഇലക്ട്രിക് ഹമ്മറിന് നിര്‍മാതാക്കള്‍ നല്‍കുന്ന വിശേഷണം. ഈ വാഹനം വിപ്ലവത്തിന്റെ തുടക്കമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഈ വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കരുത്തേറിയ വാഹനമായിരിക്കുമെന്നും 1000 എച്ച്പി കരുത്തുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും മൂന്ന് സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നുമാണ് ഈ വാഹനത്തെ കുറിച്ചുള്ള പ്രഥമിക വിവരം. 

വരുന്ന മേയ് 20-ന് ഈ ഹമ്മര്‍ ഇലക്ട്രിക് പിക്ക് അപ്പ് ഔദ്യോഗികമായി അവതരിപ്പിക്കും. എന്നാല്‍, 2021 സെപ്റ്റംബറില്‍ മാത്രമായിരിക്കും ഈ വാഹനം നിരത്തുകളിലോടി തുടങ്ങൂവെന്നാണ് മറ്റൊരു വിവരം. ജിഎംസി എന്ന ബ്രാന്റിന് കീഴില്‍ ഹമ്മര്‍ ഇവി എന്ന പേരിലായിരിക്കും ഈ വാഹനത്തെ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്‌സ് എന്‍ജിനിയര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ട്.

മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക. അതേസമയം ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ നേരിയ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മുമ്പ് ഹമ്മര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അതേ ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Content Highlights: Hummer Is Come Back As Electric PickUp