ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വാവെ വാഹന നിര്‍മാണത്തിലേക്ക് കടക്കുകയാണ്. ചൈനയിലെ തന്നെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ സീരെസുമായി ചേര്‍ന്നാണ് വാവെയുടെ കാര്‍ ഒരുങ്ങുന്നത്. ഈ കൂട്ടുകെട്ടില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമായ വാവെ സീരെസ് എസ്.എഫ്.5 എന്ന ഹൈബ്രിഡ് എസ്.യു.വി ഷാങ്ഹായി ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് വിപണികളിലായിരിക്കും ഈ വാഹനം ആദ്യമെത്തുകയെന്നാണ് വിവരം. ചൈനയിലെ വാവെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകളിലൂടെ ഈ വാഹനത്തിന്റെ വില്‍പ്പന നടത്താനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുള്ളത്. എസ്.യു.വി. ശ്രേണിയിലേക്ക് ഒരുങ്ങിയിട്ടുള്ള വാഹനമാണെങ്കില്‍ പോലും കാഴ്ചയില്‍ ക്രോസ് ഓവര്‍ ലുക്കാണ് എസ്.എഫ്5-ല്‍ നല്‍കിയിട്ടുള്ളത്. 

ബോണറ്റിലേക്ക് കയറി നല്‍കുന്ന നീളമുള്ള ഹെഡ്‌ലൈറ്റ്, ബമ്പറിലേക്ക് നീളുന്ന എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതുമയുള്ള ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവ നല്‍കിയാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള ഡിസൈനിലുള്ള അലോയി വീലും ഷാര്‍പ്പ് ബോഡി ലൈനുകളുമാണ് വശങ്ങളുടെ സവിശേഷത. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന പിന്‍വശവുമാണ് ഇതിലുള്ളത്. 

SF5

വളരെ ലളിതമായും ചിട്ടയോടെയുമാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വുഡന്‍ ഫിനീഷിങ്ങിനൊപ്പം ലെതര്‍ ആവരണവുമാണ് അകത്തളത്തെ റിച്ചാക്കുന്നത്. ടാബിന് സമാനമായ വലിയ പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ്ങ്, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ബാറ്ററി പാക്കുമായായിരിക്കും വാവോയി സീരേസ് എസ്.എഫ്.5 അവതരിപ്പിക്കുക. ഇതില്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് 543 ബി.എച്ച്.പി. പവറും 820 എന്‍.എം. ടോര്‍ക്കുമേകുമെന്നാണ് റിപ്പോര്‍ട്ട്. വെറും 4.68 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Content Highlights; Huawei Seres SF5 SUV Unveiled At Shanghai Auto Show