ത്തവണത്തെ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ ഏവരെയും അത്ഭുതപ്പെടുത്തിയ മോഡലാണ് ഹോണ്ടയുടെ പുതിയ അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റ്. ഒറ്റനോട്ടത്തില്‍ പഴയ ചെറുകാറുകളോട് സാമ്യം തോന്നും, എന്നാല്‍ അടുത്തറിഞ്ഞാല്‍ ഇത് ആളൊരു കൊലകൊമ്പനാണ്. അത്രത്തോളം ഫീച്ചേര്‍സ് ഉള്‍ക്കൊള്ളിച്ചാണ് ഹോണ്ടയുടെ അര്‍ബന്‍ ഇവി കഴിഞ്ഞ ദിവസം അവതരിച്ചത്. ഭാവി ഇലക്ട്രിക് കാറുകള്‍ മുന്നില്‍കണ്ടാണ് അര്‍ബന്‍ ഇലക്ട്രിക്കിന്റെ പിറവി. 

Honda EV

1972 കാലഘട്ടത്തിലെ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ്  ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത്. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. യൂറോപ്യന്‍ വിപണിയിക്കായി 2019-ഓടെ ഈ മോഡല്‍ യാഥാര്‍ഥ്യമാക്കി നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഹോണ്ട ജാസിനെക്കാള്‍ 100 എംഎം നീളം അര്‍ബന്‍ ഇവിക്ക് കൂടുതലുണ്ടെന്നാണ് കമ്പനി പറയുന്നത്. 

Honda EV

കണ്‍സെപ്റ്റ് മോഡല്‍ ത്രീ ഡോര്‍ ഫോര്‍ സീറ്ററാണ്. ഡോര്‍ തുറക്കുന്ന രീതിയും പതിവില്‍നിന്ന് വ്യത്യസ്തമാണ്. മുന്നില്‍നിന്ന് പിന്നിലേക്ക്‌ വലിച്ച് തുറക്കാം. എന്നാല്‍ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഈ രീതി തുടരുമോയെന്ന് ഉറപ്പില്ല. നിരത്തിലെത്തുമ്പോള്‍ 5 സീറ്ററിലാണ് അര്‍ബന്‍ ഇവി ലഭ്യമാകുക. കാറുകളില്‍ കണ്ടുപഴകിയ പതിവ് മുന്‍ഭാഗം ആകെ പൊളിച്ചെഴുതി. വ്യത്യസ്തമായി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റ്. നടുവിലായി നീല നിറത്തില്‍ ഹോണ്ട ലോഗോ ആലേഖനം ചെയ്തു. സന്ദേശങ്ങള്‍ നല്‍കാന്‍ മുന്നിലും പിന്നിലും ലൈറ്റുകള്‍ക്കിടിയില്‍ ഇന്റഗ്രേറ്റഡ് ബോര്‍ഡുകളും നല്‍കി.

Honda EV

വൈറ്റ് മള്‍ട്ടി സ്‌പോക്ക് ശൈലിയിലാണ് അലോയി വീല്‍. പഴമയെ ഓര്‍മ്മപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളിലാണ് അകത്തളവും. നീളമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന് മുകളില്‍ സ്ഥാനംപിടിച്ചു. ഡാഷ്‌ബോര്‍ഡ് മുഴുവന്‍ ആവരണം ചെയ്യാന്‍ മാത്രം വലുപ്പമേറിയതാണിത്. ബോണറ്റിലാണ് ചാര്‍ജിങ് പ്ലഗ്. ബെഞ്ച് ശൈലിയിലാണ് ഇരുവശത്തെയും സീറ്റ്. നാല് പേര്‍ക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാനുള്ള സ്‌പേസ് ഇതുവഴി ലഭിക്കും.

Honda EV

വളരെ നേര്‍ത്ത എ പില്ലര്‍ ഡ്രൈവര്‍ക്ക് നിരത്തിലേക്ക് കൂടുതല്‍ കാഴ്ച നല്‍കും. റിയര്‍വ്യൂ ക്യമറ വാഹനത്തിനില്ല, എല്ലാ ക്യാമറകള്‍ ഒപ്പിയെടുത്ത് ഡാഷ്‌ബോര്‍ഡിലെ സ്‌ക്രീനില്‍ തെളിയിക്കും. അഡ്വാന്‍സ്ഡ് ഓട്ടോമാറ്റഡ് നെറ്റ്‌വര്‍ക്ക് അസിസ്റ്റന്‍ഡ് ഡ്രൈവര്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകും. വാഹത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ലൈറ്റ് വെയിറ്റ് ബാറ്ററി പാക്ക് ആയിരിക്കും ഹോണ്ട അര്‍ബന്‍ ഇവിയില്‍ നല്‍കുക.

Honda EV