ഹോണ്ടയുടെ ഇലക്ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ലഭ്യമാകും. ജര്‍മന്‍ വിപണിയിലേക്കുള്ള ഇ മോഡലിന്റെ വിലയും ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട ഇ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളു. 

honda e

പഴയ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റെട്രോ ശൈലിയിലാണ് ഇലക്ട്രിക് കാറിന്റെ ഡിസൈന്‍. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. പതിവ് ശൈലിയില്‍ നിന്ന് മാറി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റ്. നടുവിലായി ഹോണ്ട ലോഗോ ആലേഖനം ചെയ്തു. ഡ്യുവല്‍ 12.3 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീനാണ് അകത്തെ പ്രധാന ആകര്‍ഷണം. ഡ്രൈവര്‍ സൈഡില്‍ 8.8 ഇഞ്ച് സ്‌ക്രീന്‍ വേറെയുമുണ്ട്. വശങ്ങളില്‍ മിററിന് പകരം ക്യാമറകളാണ്. ഈ ദൃശ്യങ്ങള്‍ അകത്തെത്തിക്കാനും ഡാഷ്ബോര്‍ഡിന്റെ ഇരുവശത്തും സ്‌ക്രീനുകളുണ്ട്.

honda e

35.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 220 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 22kW പവര്‍ ചാര്‍ജര്‍ വഴി നാല് മണിക്കൂര്‍ 10 മിനിറ്റിനുള്ളില്‍ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസ്റ്റ് ചാര്‍ജറില്‍ അരമണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചര്‍ജ് ചെയ്യാനുമാകും. 100 kW റേഞ്ച് മോഡലില്‍ 134 ബിഎച്ച്പി പവറും 315 എന്‍എം ടോര്‍ക്കും ലഭിക്കും. 113kW റേഞ്ച് ഹോണ്ട ഇ ഇലക്ട്രിക്ക് 152 ബിഎച്ച്പി പവറും 315 എന്‍എം ടോര്‍ക്കുമേകും. എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താനും ഈ ചെറു ഇലക്ട്രിക് കാറിന് സാധിക്കും.

honda e

Content Highlights; honda unveils production version of honda e electric car, honda e