ഹോണ്ടയുടെ ഐതിഹാസിക വാഹനങ്ങളില്‍ ഇന്നും തലയെടുപ്പോടെ നിരത്തിലുള്ള മോഡലാണ് സിവിക് എന്ന പ്രീമിയം സെഡാന്‍. 10 തലമുറകള്‍ പിന്നിട്ട് 11-ാം തലമുറയില്‍ എത്തി നില്‍ക്കുന്ന ഈ വാഹനത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഹോണ്ട പുറത്തിറക്കി. കഴിഞ്ഞ നവംബറില്‍ ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. കണ്‍സെപ്റ്റ് മോഡലുമായി പൂര്‍ണമായും നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ മോഡല്‍ എത്തിയിട്ടുള്ളതെന്നാണ് ആദ്യം ചിത്രം സൂചിപ്പിക്കുന്നത്. 

സിവിക്കിന്റെ പുതുതലമുറ മോഡലിന്റെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ വിവരങ്ങളും മറ്റ് ഫീച്ചറുകളും ഏപ്രില്‍ 28-ാം തിയതി വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-ഓടെ ആയിരിക്കും സിവിക്കിന്റെ പുതിയ മോഡല്‍ നിരത്തുകളില്‍ എത്തുകയെന്നാണ് വിവരം. എന്നാല്‍, പുതുതലമുറ സിവിക് എപ്പോള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. 

രൂപത്തില്‍ മുന്‍തലമുറ സിവിക്കിന് സമാനമാണ് പുതിയ മോഡല്‍. എന്നാല്‍, കാഴ്ചയില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഏതാനും മാറ്റങ്ങള്‍ ഡിസൈന്‍ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്‍ ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സിറ്റിയില്‍ പുതുതലമുറ സിറ്റിയിലേതിന് സമാനമായി വലിപ്പം ഉയര്‍ത്തിയിട്ടുള്ള ഹെഡ്‌ലൈറ്റ്, ബ്ലാക്ക് അവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമ.

സിവിക്കിന്റെ ഇന്റീരിയര്‍ സംബന്ധിച്ച് സസ്‌പെന്‍സ് ഇപ്പോഴും തുടരുകയാണ്. എന്നാല്‍, അടുത്തിടെ പുറത്തുവിട്ട സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡാണ് സിവിക്കില്‍ നല്‍കിയിട്ടുള്ളത്. വലിയ ടച്ച് സ്‌ക്രീന്‍ യൂണിറ്റും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമെല്ലാം അകത്തളത്തെ ആകര്‍ഷകമാക്കുമെന്നാണ് സൂചനകള്‍. മുന്‍ തലമുറ മോഡലിനെക്കാള്‍ പ്രീമിയം ആയിരിക്കും പുതുതലമുറയുടെ അകത്തളമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മെക്കാനിക്കല്‍ ഫീച്ചറുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍തലമുറ മോഡലില്‍ 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളാണ് നല്‍കിയിരുന്നത്. പെട്രോള്‍ എന്‍ജിന് 139 ബി.എച്ച്.പി. കരുത്തും 174 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരുന്നു രണ്ട് എന്‍ജിനൊപ്പവും നല്‍കിയിരുന്നത്.

Content Highlights: Honda Unveils 11th Generation Civic Sedan Images