ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കോംപാക്ട് എസ്.യു.വി. ശ്രേണിയിലും സാന്നിധ്യമാകാനൊരുങ്ങുന്നു. ഹോണ്ടയുടെ വാഹനനിരയിലെ കോംപാക്ട് എസ്.യു.വി. മോഡല്‍ നവംബര്‍ 11-ന് അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഈ വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ടീസര്‍ ചിത്രം കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. ഇൻഡൊനീഷ്യന്‍ ഓട്ടോഷോയുടെ ഭാഗമായാണ് ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇൻഡൊനീഷ്യന്‍ ഓട്ടോഷോയില്‍ അവതരിപ്പിക്കുന്നതിനാല്‍ തന്നെ ആദ്യ വിപണി ഈ രാജ്യമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. കോംപാക്ട് എസ്.യു.വി. വാഹനത്തിന്റെ പേര് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ZR-V എന്ന് പേര് നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍. ഹോണ്ടയില്‍ നിന്ന് വിപണിയില്‍ എത്തിയിട്ടുള്ള പുതുതലമുറ ബി.ആര്‍-വിയുടെ താഴെയായിരിക്കും ഈ കോംപാക്ട് എസ്.യു.വിയുടെ സ്ഥാനം.

ഹോണ്ടയുടെ മറ്റ് മോഡലുകള്‍ക്ക് സമാനമായ മികച്ച സ്‌റ്റൈലിലായിരിക്കും ഈ വാഹനവും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പ്‌റൈറ്റ് റേഡിയേറ്റര്‍ ഗ്രില്ല്, വലിയ എച്ച് ബാഡ്ജിങ്ങ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ഹോണ്ടയുടെ സിഗ്നേച്ചര്‍ പാറ്റേണില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റ്, വിന്‍ഡ് സ്‌ക്രീന്‍ എന്നിവയാണ് ഹോണ്ടയുടെ കോംപാക്ട് എസ്.യു.വിയുടെ എക്‌സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. 

ഈ വാഹനത്തിന്റെ അകത്തളം സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, പുതുതലമുറ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള എല്ലാ ഫീച്ചറുകളും ഹോണ്ടയുടെ ഈ മോഡലിലും നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തില്‍ നല്‍കുന്ന ഫീച്ചറുകളും മറ്റ് സവിശേഷതകളും ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ വെളിപ്പെടുത്തുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും ഹോണ്ടയുടെ 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങള്‍. മാനുവല്‍, സി.വി.ടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കും. അതേസമയം, ഈ വാഹനം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ എത്തുന്നത് സംബന്ധിച്ച വിവരങ്ങളും നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല.

Content Highlights: Honda Teases New Subcompact SUV, Debut On November 11, Honda Compact SUV, Honda ZR-V