ന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട പുറത്തിറക്കിയ ഹാച്ച്ബാക്കായിരുന്നു ബ്രിയോ. 2011-ല്‍ നിരത്തിലെത്തിച്ച ഈ വാഹനത്തിന്റെ ഉതപാദനം ഹോണ്ട അവസാനിപ്പിക്കുകയാണെന്നാണ് ഹോണ്ടയെ ഉദ്ധരിച്ച് ഇടി ഓട്ടോ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

എതിരാളികളുടെ നിര ശക്തമായതോടെ 2016-ല്‍ കൂടുതല്‍ ഫീച്ചറുകളോടെയും കൂടുതല്‍ സ്‌റ്റൈലിഷായും അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ രണ്ടാം വരവിലും നിരത്തില്‍ തിളങ്ങാന്‍ ഹോണ്ട ബ്രിയോയിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് സൂചന.

സിയാം പുറത്തുവിട്ട കണക്ക് അനുസരിച്ച് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ 120 വാഹനങ്ങളാണ് ഹോണ്ട നിര്‍മിച്ചത്. ജൂലൈ മാസത്തില്‍ 183, ഓഗസ്റ്റില്‍ 157, സെപ്റ്റംബറില്‍ 64, ഒക്ടോബറില്‍ 27 എന്നിങ്ങനെയാണ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചത്. 

ഹോണ്ട ബ്രിയോ ഉള്‍പ്പെടുന്ന ചെറുകാര്‍ ശ്രേണിയില്‍ പ്രതിമാസം 35,000-ത്തില്‍ അധികം വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തുന്നത്. മാരുതി സ്വിഫ്റ്റ്, ആള്‍ട്ടോ തുടങ്ങി മോഡലുകളാണ് ഇതില്‍ ഭൂരിഭാഗവും കൈയാളുന്നത്. 

അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി ഹോണ്ടയ്ക്ക് വലിയ വില്‍പ്പന നേട്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ മാസം 14,233 വാഹനങ്ങളാണ് ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങിയത്. 

ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുമ്പോഴും രാജ്യാന്തര നിരത്തില്‍ ബ്രിയോ തുടരുമെന്നാണ് സൂചന. ഈ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഇന്‍ഡോന്യേഷന്‍ ഓട്ടോഷോയില്‍ സ്റ്റാന്റേര്‍ഡ്, സ്പോര്‍ട്ടിയര്‍ ബ്രിയോ ആര്‍എസ് എന്നീ രണ്ടു വകഭേദങ്ങള്‍ അവതരിപ്പിച്ചിരുന്നു.