ഹോണ്ട അമേസിന്റെ രണ്ടാം വരവ് ബഹുകേമമായിരുന്നു. അക്കോര്‍ഡ്, സിറ്റി എന്നീ വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് രണ്ടാം തലമുറ അമേസില്‍ നല്‍കിയിരുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ടാണ് അഞ്ച് മാസത്തിനുള്ളില്‍ 50,000 വാഹനങ്ങള്‍ നിരത്തിലെത്തിച്ചെന്ന അംഗീകാരം ഹോണ്ടയ്ക്ക് സ്വന്തമാകുന്നത്. 

കഴിഞ്ഞ മെയ് മാസമാണ് ഹോണ്ടയുടെ രണ്ടാം തലമുറ അമേസ് നിരത്തിലെത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തിലെ ഹോണ്ടയുടെ മൊത്ത വില്‍പ്പനയില്‍ 50 ശതമാനവും അമേസ് ആയിരുന്നു. ഏറ്റവും വേഗത്തില്‍ 50,000 യൂണിറ്റ് വില്‍പ്പന നേടുന്ന ഹോണ്ടയുടെ ആദ്യ മോഡലാണ് അമേസ്.

രൂപത്തില്‍ പൂര്‍ണമായും അഴിച്ചുപണി നടത്തിയായിരുന്നു ഹോണ്ട അമേസിന്റെ രണ്ടാം വരവ്. ഒറ്റ നോട്ടത്തില്‍ ഹോണ്ട സിറ്റിയോട് സാദൃശ്യമുള്ള ഗ്രില്‍, വശങ്ങളിലേക്ക് നീളുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ എന്നിവയാണ് മുന്നിലെ പ്രധാന ആകര്‍ഷണം.

കൂടുതല്‍ സ്‌പേഷിയസായ ഇന്റീരിയറാണ് പുതിയ അമേസിനുള്ളത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പുതിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

അമേസില്‍ മെക്കാനിക്കല്‍ മാറ്റം ഹോണ്ട വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ എന്‍ജിനും തന്നെയാണ് മുഖംമിനുക്കിയ അമേസിനും നല്‍കിയിരുന്നത്. പെട്രോള്‍ മോഡലില്‍ ഓട്ടോമാറ്റിക് സി.വി.ടി ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.