രൂപത്തില്‍ പൂര്‍ണമായി അഴിച്ചുപണി നടത്തി പുത്തന്‍ ഭാവത്തിലെത്തിയ രണ്ടാം തലമുറ ഹോണ്ട അമേയ്‌സ് ഒരു ലക്ഷം യൂണിറ്റിന്റെ നിറവിലെത്തിയിരിക്കുകയാണ്. അതും 13 മാസമെന്ന് വളരെ ചുരുങ്ങിയ കാലയളവിലാണ് ഹോണ്ട അമേയ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതിനോടനുബന്ധിച്ച് അമേയ്സിന്റെ സ്‌പെഷ്യല്‍ ഏയ്സ് എഡിഷന്‍ ഹോണ്ട വിപണിയിലെത്തിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എഡീഷന്‍ അമേസ് പെട്രോള്‍ മോഡലിന് 7.89 ലക്ഷം രൂപ മുതലും ഡീസലിന് 8.99 ലക്ഷം രൂപ മുതലുമാണ് എക്‌സ്-ഷോറൂം വില.

രണ്ടാം വരവില്‍ കൂടുതല്‍ സൗന്ദര്യം ആവാഹിച്ചായിരുന്നു അമേസ് എത്തിയത്. ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുമായി ഏറെ സാമ്യം പുലര്‍ത്തുന്ന ഡിസൈനായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. 

കട്ടികൂടിയ ക്രോമില്‍ പൊതിഞ്ഞ ഗ്രില്ലുകള്‍, വശങ്ങളിലേക്ക് കയറിക്കിടക്കുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവയായിരുന്നു മുഖഭാവത്തിലെ പുതുമ. അകത്തളത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണ്ക്ടിവിറ്റി, നാവിഗേഷന്‍ സംവിധാനങ്ങളുള്ള ഏഴിഞ്ച് ടച്ച് സ്‌ക്രീനും രണ്ടാം വരവില്‍ ഇടംനേടിയിരുന്നു. 

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ചൈല്‍ഡ് സീറ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി രണ്ടാം തലമുറ അമേസില്‍ സ്ഥാനംപിടിച്ചു. 

90 എച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ അമേസില്‍ നിലനിര്‍ത്തി. ആദ്യ മോഡലിലെ പെട്രോള്‍ എന്‍ജിനിലുണ്ടായിരുന്ന CVT ഗിയര്‍ബോക്സ് രണ്ടാം വരവില്‍ ഡീസല്‍ പതിപ്പിലും ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: Honda’s All New Amaze Crosses 1 Lakh sales Milestone In 13 Months