ന്ത്യന്‍ വിപണിയില്‍ 2019 ജനുവരി മാസത്തെ വില്‍പനയില്‍ മുന്നേറ്റമുണ്ടാക്കി ഹോണ്ട. 18,261 യൂണിറ്റ് കാറുകളുടെ വില്‍പനയോടെ ടാറ്റയെ പിന്നിലാക്കി രാജ്യത്തെ നാലാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാകാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. കഴിഞ്ഞ മാസം 17,404 യൂണിറ്റ് കാറുകള്‍ വിറ്റഴിക്കാനെ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചുള്ളു. പതിവുപോലെ മാരുതി സുസുക്കിയാണ് ഒന്നാം സ്ഥാനത്ത്. ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നിലനിര്‍ത്തി. 

139,440 യൂണിറ്റിന്റെ വില്‍പനയോടെ ഒന്നാമതുള്ള മാരുതി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 45,803 യൂണിറ്റുകള്‍ വിറ്റഴിച്ചു. തൊട്ടുപിന്നിലുള്ള മഹീന്ദ്രയുടെ വില്‍പന 22,399 യൂണിറ്റുകളാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലെ വില്‍പനയെക്കാള്‍ 23 ശതമാനത്തിന്റെ അധിക വളര്‍ച്ചയോടെയാണ് ഹോണ്ട നാലാം സ്ഥാനത്തെത്തിയത്. പുതിയ അമേസ്, സിറ്റി, ഡബ്ല്യുആര്‍-വി എന്നിവയുടെ മികച്ച വില്‍പനയാണ് ഹോണ്ടയുടെ കുതിപ്പിന് കാരണമായത്. അതേസമയം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പനയില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായി. ടൊയോട്ട, ഫോര്‍ഡ്, റെനോ, ഫോക്‌സ് വാഗണ്‍, ഡാറ്റ്‌സണ്‍ എന്നീ കമ്പനികളാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

Content Highlights; Honda Overtakes Tata To Become 4th Largest Car Maker